LiveTV

Live

Kerala

യൂത്ത് ലീഗിനെതിരായ പണപ്പിരിവ് കേസ് ഇ.ഡി അന്വേഷിക്കണം- കെടി ജലീല്‍

സമീപകാലത്ത് യൂത്ത് ലീഗ് നേതാക്കൾക്കുണ്ടായ സാമ്പത്തിക വളർച്ച പരിശോധിക്കണം. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടണമെന്നും സോഷ്യൽ ഓഡിറ്റിങിന് വിധേയമാകണമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു

യൂത്ത് ലീഗിനെതിരായ പണപ്പിരിവ് കേസ് ഇ.ഡി അന്വേഷിക്കണം- കെടി ജലീല്‍

കത്വ ഫണ്ട് തിരിമറി പരസ്പര ധാരണയോടെയെന്ന് മന്ത്രി കെടി ജലീല്‍. പണപ്പിരിവ് കേസ് ഇ.ഡി അന്വേഷിക്കണമെന്നും കെടി ജലീല്‍ പറഞ്ഞു. ഈ സംഭവത്തില്‍ പികെ ഫിറോസ് ഉൾപ്പെടെയുള്ളവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും ജലീല്‍ ചോദിച്ചു.

പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗും എം.എസ്.എഫ് നേതൃത്വവും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്‍റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നിൽക്കരുതെന്നാണ് ധാരണയെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തി.

ഗൾഫിൽ നിന്നടക്കം വൻതോതിൽ പണം പിരിച്ചെടുത്തിട്ടുണ്ട്. ധൈര്യമുണ്ടെങ്കിൽ ലീഗും യൂത്ത് ലീഗും ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം. കത്വ പെൺകുട്ടിയുടെ കുടുംബത്തിന് എത്ര രൂപ നൽകിയെന്ന് വ്യക്തമാക്കണം. പെൺകുട്ടിയുടെ കുടുംബത്തിന് പണം കൈമാറുന്നതിന്റെ ഫോട്ടോ ചന്ദ്രിക പത്രത്തിൽ വന്നിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു. സമീപകാലത്ത് യൂത്ത് ലീഗ് നേതാക്കൾക്കുണ്ടായ സാമ്പത്തിക വളർച്ച പരിശോധിക്കണം. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടണമെന്നും സോഷ്യൽ ഓഡിറ്റിങിന് വിധേയമാകണമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ യൂത്ത് ലീഗ് നേതാക്കൾ വിശദീകരണം നൽകി. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈർ, ഫൈസൽബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉൾപ്പെടുത്തിയായിരുന്നു വാർത്താ സമ്മേളനം.