വിഭാഗീയത അവസാനിപ്പിക്കണം: കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് ജെ.പി നദ്ദയുടെ കർശന നിർദേശം
2016 ൽ മുപ്പതിനായിരം വോട്ടുകൾ നേടിയ 40 മണ്ഡലങ്ങളിൽ ഇത്തവണ ശക്തരായ നേതാക്കളെ നിർത്താനാണ് നദ്ദയുടെ നിർദ്ദേശം.

പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ നേതാക്കൾക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ മുന്നറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ എൻ.ഡി.എ നേതാക്കൾക്കും നിർദ്ദേശം നൽകി. തൃശ്ശൂരിൽ ഇന്ന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ ചേരിപ്പോര് വെച്ചുപൊറുപ്പിക്കില്ലെന്നാണ് ദേശീയ അധ്യക്ഷന്റെ നിലപാട്. കേരളത്തിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്തു തുടങ്ങിയപ്പോൾ അതിന് നാണക്കേടുണ്ടാക്കിയാണ് നേതാക്കൾ പരസ്പരം പോരടിക്കുന്നത്. 2016 ൽ മുപ്പതിനായിരം വോട്ടുകൾ നേടിയ 40 മണ്ഡലങ്ങളിൽ ഇത്തവണ ശക്തരായ നേതാക്കളെ നിർത്താനാണ് നദ്ദയുടെ നിർദ്ദേശം. എൻ.ഡി.എയുടെ നേതൃത്വത്തിൽ കേരള യാത്ര സംഘടിപ്പിക്കും.
ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനുമായി ചർച്ച നടത്തുമെന്നാണ് നദ്ദ അറിയിച്ചത്. തൃശ്ശൂരിൽ ചേരുന്ന പാർട്ടി യോഗം സംസ്ഥാന ഘടകത്തിന് നിർണായകമാണ്. മുരളീധരപക്ഷത്തിന്റെ ഏകാധിപത്യ ഭരണത്തിന്റെ പരാതികൾ ഇതിനോടകം തന്നെ എതിർകക്ഷികൾ നദ്ദയുടെ ചെവിയിലെത്തിച്ചിട്ടുണ്ട്.