കോവിഡ് വന്ന് മരിച്ചാലും ജനങ്ങൾ ആഗ്രഹിക്കുന്നത് ഭരണം മാറണമെന്ന്: യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്മാന്
അതുകൊണ്ടാണ് ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നതെന്നും പി.ടി അജയമോഹൻ

കോവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയമോഹൻ. അതുകൊണ്ടാണ് ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നത്. യാത്രയിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ മലപ്പുറത്ത് പറഞ്ഞു.
ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 400 പേർക്കെതിരെ കേസെടുത്തതിലാണ് പി.ടി അജയമോഹന്റെ പ്രതികരണം. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്.
ജനുവരി 31നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐശ്വര്യകേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലാണ് പര്യടനം നടത്തുന്നത്.