LiveTV

Live

Kerala

ട്വന്‍റി 20യുടെ സാബു ജേക്കബിനെതിരെ മഴുവന്നൂരില്‍ പ്രതിഷേധം

പഞ്ചായത്ത് സമിതികളില്‍ പ്രതിപക്ഷാംഗങ്ങളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ട്വന്‍റി 20യുടെ സാബു ജേക്കബിനെതിരെ മഴുവന്നൂരില്‍ പ്രതിഷേധം

കിഴക്കമ്പലം ട്വന്‍റി 20 കോര്‍‌ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ എറണാകുളം മഴുവന്നൂരില്‍ പ്രതിഷേധം. പഞ്ചായത്ത് സമിതികളില്‍ പ്രതിപക്ഷാംഗങ്ങളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ സാബു എം ജേക്കബിനെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് ട്വന്‍റ് 20 ആരോപിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

പഞ്ചായത്ത് ആസൂത്രണ സമിതിയിലും വര്‍ക്കിങ് കമ്മിറ്റികളിലും പ്രതിപക്ഷത്ത് നിന്നുള്ള ആരെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫും എല്‍ഡിഎഫും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ആസൂത്രണ സമിതി യോഗം ചേരാനിരിക്കെയായിരുന്നു ധര്‍ണ. സമിതി ഉപാധ്യക്ഷനായ സാബു എം. ജേക്കബ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് പ്രതിഷേധക്കാരെ തിരിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആസൂത്രണ സമിതിയില്‍ പങ്കെടുക്കാനെത്തിയ തന്നെ പ്രതിഷേധക്കാര്‍ ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചുവെന്ന് സാബു ജേക്കബ് ആരോപിച്ചു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഗുണ്ടായിസം കൊണ്ട് തകര്‍ക്കാനാണ് ശ്രമമെന്നും സാബു ജേക്കബ് പറഞ്ഞു.

മഴുവന്നൂരിലെ 19ല്‍ 14 സീറ്റുകള്‍ നേടിയാണ് ട്വന്‍റി-20 ഇത്തവണ അധികാരത്തിലെത്തിയത്. പ്രതിപക്ഷത്തുള്ള അഞ്ചംഗങ്ങളില്‍ ഒരാള്‍ക്ക് പോലും സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയിട്ടില്ല. 305 അംഗ വര്‍ക്കിങ് കമ്മിറ്റിയില്‍ പോലും പ്രദേശവാസികള്‍ക്ക് പ്രാതിനിധ്യമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ആസൂത്രണ സമിതിയിലെ അംഗങ്ങളുടെ കാര്യത്തില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് ട്വന്‍റി-20യുടെ നിലപാട്.