LiveTV

Live

Kerala

കേരളത്തിലേത് അഴിമതി സര്‍ക്കാര്‍, അയ്യപ്പ ഭക്തരെ കോണ്‍ഗ്രസ് വഞ്ചിച്ചു: ജെ പി നഡ്ഡ

സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നഡ്ഡ

കേരളത്തിലേത് അഴിമതി സര്‍ക്കാര്‍, അയ്യപ്പ ഭക്തരെ കോണ്‍ഗ്രസ് വഞ്ചിച്ചു: ജെ പി നഡ്ഡ

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നഡ്ഡ പറഞ്ഞു. അതേസമയം ശബരിമല നിയമനിർമാണം, പാർട്ടിയിലെ വിഭാഗീയത അടക്കമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ജെ പി നഡ്ഡക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി നൽകിയത്. കേരള സർക്കാർ മുഴുവൻ അഴിമതിയാണെന്ന് പറഞ്ഞ നഡ്ഡ, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ പിണറായിയുടെ മുഖച്ഛായ നഷ്ടപ്പെട്ടെന്നും ആരോപിച്ചു. സ്വർണക്കടത്ത്, സ്പ്രിൻക്ലർ, കെ ഫോൺ എല്ലാം അഴിമതിയാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാർക്കും എതിരെ ആരോപണമുണ്ടായി. കേരളത്തിനാകെ ഇതെല്ലാം നാണക്കേടുണ്ടാക്കിയെന്നും കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ആരോപിച്ചു.

കോവിഡ് നേരിടുന്നതിൽ കേരളം പരാജയപ്പെട്ടു. രാജ്യത്തെ പകുതി കേസും ഇപ്പോൾ കേരളത്തിലാണ്. സിപിഎമ്മിന്‍റെ റിക്രൂട്ടിങ് ഏജൻസിയായി പി.എസ്.സി മാറിയെന്നും നഡ്ഡ കുറ്റപ്പെടുത്തി.

യുഡിഎഫ് നേതാക്കൾക്കെതിരെയും നഡ്ഡ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികളെ പിന്നിൽ നിന്ന് കുത്തി. അതേസമയം ബിജെപി ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. അബ്ദുല്ലക്കുട്ടിക്കെതിരായ സോളാർ പീഡനക്കേസിലെ ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. കേരള ബിജെപിയിൽ വിഭാഗീയത ഇല്ലെന്നും ശോഭാ സുരേന്ദ്രന്‍റെ കാര്യമടക്കം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും നഡ്ഡ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജെ പി നഡ്ഡയുടെ കേരള സന്ദർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം നേടാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ കേരളീയർ അംഗീകരിച്ചതിന്‍റെ തെളിവാണിതെന്നും നഡ്ഡ അവകാശപ്പെട്ടു.

മിഷന്‍ കേരളയുമാണ് ബിജെപി ദേശീയ നേതൃത്വം നേരിട്ട് കളത്തിലിറങ്ങുന്നത്. തെരഞ്ഞെടുപ്പ് പദ്ധതികളും തന്ത്രങ്ങളും എല്ലാം ആവിഷ്കരിക്കുക ഇനി ദേശീയ നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കണക്കാക്കിയ എ ക്ലാസ് മണ്ഡ‍ലങ്ങളിലെയടക്കം മുന്നൊരുക്കങ്ങള്‍ ജെ പി നഡ്ഡ നേരിട്ട് വിലയിരുത്തും. ബിജെപി നേതാക്കള്‍ക്ക് പുറമേ എന്‍ഡിഎ ഘടക കക്ഷികളുമായും ചര്‍ച്ച നടത്തും.

സംസ്ഥാന ബിജെപിയിലെ കലഹം തീര്‍ക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന നഡ്ഡ എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. ഇതിനിടയില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും നടത്തും. നാളെ രാവിലെ നെടുമ്പാശേരിക്ക് പോകുന്ന നഡ്ഡ വൈകുന്നേരം തൃശൂരില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കും.