LiveTV

Live

Kerala

പാർട്ടി ഏൽപ്പിച്ച ദൗത്യം ഇ അഹമ്മദ് പാതിവഴിക്ക് നിർത്തിയില്ല; പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി പി.വി വഹാബ്

ഇ അഹമ്മദ് അനുസ്മരണ പരിപാടിയിലാണ് വഹാബിന്റെ ഒളിയമ്പ്‌

പാർട്ടി ഏൽപ്പിച്ച ദൗത്യം ഇ അഹമ്മദ് പാതിവഴിക്ക് നിർത്തിയില്ല; പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി പി.വി വഹാബ്

കോഴിക്കോട്: കോഴിക്കോട് ടൗൺഹാളിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി പി.വി അബ്ദുൽ വഹാബ് എം.പി. പാർട്ടി ഏൽപ്പിച്ച ദൗത്യം പകുതി വഴിക്ക് നിർത്താത്ത നേതാവായിരുന്നു ഇ അഹമ്മദെന്ന് വഹാബ് പറഞ്ഞു. രാഷ്ട്രീയ തട്ടകം ഡൽഹിയിൽ കേരളത്തിലേക്ക് മാറ്റാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിന് പിന്നാലെയാണ് വഹാബിന്റെ വിമര്‍ശനം.

'സമൂഹം, സമുദായം, പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം പകുതി വഴിക്കൊന്നും നിർത്താൻ അദ്ദേഹം (അഹമ്മദ്) തയ്യാറായിരുന്നില്ല. തികച്ചും ധൈര്യത്തോടെ മുഴുവനായി, വിട്ടുവീഴ്ചയില്ലാതെ മുഴുമിച്ച വ്യക്തിയാണ് അദ്ദേഹം' - എന്നായിരുന്നു വഹാബിന്റെ വാക്കുകൾ.

'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇ അഹമ്മദിനോട് നിങ്ങളുടെ തട്ടകം അവിടെയാണ് (ഡൽഹി) എന്ന് പറയുന്നത്. അന്ന് അതുവരെ കേരളത്തിൽ നിറഞ്ഞു നിന്ന ആളാണ്. ചില ആളുകൾ അദ്ദേഹത്തെ തട്ടിയതാണ്, വെട്ടിയതാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ തട്ടകം ഡൽഹിയാണ് എന്ന് തങ്ങൾ തീരുമാനിച്ചെങ്കിൽ അതിലൊരു ബർക്കത്ത് ഉണ്ടാകും എന്ന് കണക്കു കൂട്ടി തന്നെയാണ് അദ്ദേഹം അവിടെ പോയി ഫൈറ്റ് ചെയ്ത് മുസ്‌ലിംലീഗിനും മുസ്‌ലിം സമൂഹത്തിനും ഒരു ഐഡന്റിറ്റി ഉണ്ടാക്കി അവിടെ നിന്നത്'- വഹാബ് കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വന്ന വേളയിലാണ് പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചിരുന്നത്. ഇതിന് പാർട്ടി ഉന്നതാധികാര സമിതി അനുമതി നൽകുകയും ചെയ്തിരുന്നു. പാർട്ടിക്കകത്തും പുറത്തും ഇക്കാര്യത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുമോ, നിയമസഭയിലേക്ക് മത്സരിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.