'ഉദ്ദേശിച്ചത് അഹമ്മദ് സാഹിബിന്റെ സമർപ്പണ മനോഭാവം, വിവാദങ്ങൾ അവസാനിപ്പിക്കണം'; വിശദീകരണവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി
പാർട്ടി ഏൽപ്പിച്ച ദൗത്യം പകുതി വഴിക്ക് നിർത്താത്ത നേതാവായിരുന്നു ഇ. അഹമ്മദെന്നാണ് അബ്ദുല്‍ വഹാബ് എം.പി പറഞ്ഞത്

ഇ അഹമ്മദ് അനുസ്മരണ പരിപാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി. മഹാനായ അഹമ്മദ് സാഹിബിന്റെ സമർപ്പണ മനോഭാവത്തെക്കുറിച്ച് സംസാരിച്ചു എന്നല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല, വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് അബ്ദുല്‍ വഹാബ് എം.പി ഫേസ്ബുക്കില്‍ കുറിച്ചത്.
പാർട്ടി ഏൽപ്പിച്ച ദൗത്യം പകുതി വഴിക്ക് നിർത്താത്ത നേതാവായിരുന്നു ഇ അഹമ്മദെന്നാണ് അബ്ദുല്‍ വഹാബ് എം.പി കോഴിക്കോട് ടൗൺഹാളിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയിൽ പറഞ്ഞത്.
'സമൂഹം, സമുദായം, പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം പകുതി വഴിക്കൊന്നും നിർത്താൻ അദ്ദേഹം (അഹമ്മദ്) തയ്യാറായിരുന്നില്ല. തികച്ചും ധൈര്യത്തോടെ മുഴുവനായി, വിട്ടുവീഴ്ചയില്ലാതെ മുഴുമിച്ച വ്യക്തിയാണ് അദ്ദേഹം' - എന്നായിരുന്നു വഹാബിന്റെ വാക്കുകൾ.
'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇ അഹമ്മദിനോട് നിങ്ങളുടെ തട്ടകം അവിടെയാണ് (ഡൽഹി) എന്ന് പറയുന്നത്. അന്ന് അതുവരെ കേരളത്തിൽ നിറഞ്ഞു നിന്ന ആളാണ്. ചില ആളുകൾ അദ്ദേഹത്തെ തട്ടിയതാണ്, വെട്ടിയതാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ തട്ടകം ഡൽഹിയാണ് എന്ന് തങ്ങൾ തീരുമാനിച്ചെങ്കിൽ അതിലൊരു ബർക്കത്ത് ഉണ്ടാകും എന്ന് കണക്കു കൂട്ടി തന്നെയാണ് അദ്ദേഹം അവിടെ പോയി ഫൈറ്റ് ചെയ്ത് മുസ്ലിംലീഗിനും മുസ്ലിം സമൂഹത്തിനും ഒരു ഐഡന്റിറ്റി ഉണ്ടാക്കി അവിടെ നിന്നത്'- വഹാബ് കൂട്ടിച്ചേർത്തു.