LiveTV

Live

Kerala

പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് ഇത്തരം പണിമുടക്കലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു

പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ; സർക്കാർ ഉത്തരവ്  ഹൈക്കോടതി റദ്ദാക്കി

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്നവരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്നും കോടതി നിർദേശിച്ചു

കേന്ദ്രസര്‍ക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ 2019 ജനുവരിയിലാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. സർക്കാർ ജീവനക്കാര്ക്ക് പണിമുടക്ക് ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായി കണക്കാക്കി പിന്നീട് പൊതു ഭരണവകുപ്പ് ജനുവരി 31 ന് ഉത്തരവിറക്കി.

കേന്ദ്ര സർക്കാറിനെതിരെ പണിമുടക്ക് നടത്തിയവർക്ക് സംസ്ഥാനം ശമ്പളം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ആലപ്പുഴ സ്വദേശി ജി ബാലഗോപാൽ പൊതു താൽപ്പര്യ ഹരജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് രണ്ടു മാസത്തിനകം ശമ്പളം തിരിച്ചു പിടിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ഉത്തരവിട്ടത്.

പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് ഇത്തരം പണിമുടക്കലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.. സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് സർവ്വീസ് മാറ്റർ ആണെന്നും പൊതു താൽപ്പര്യ ഹർജി നിലനിൽക്കില്ലെന്നുമുള്ള സർക്കാരിന്റെ വാദം കോടതി തള്ളി