LiveTV

Live

Kerala

സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ തീരുമാനിക്കും

ഇന്ന് മുതൽ മൂന്ന് ദിവസം നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യങ്ങളിൽ ധാരണയുണ്ടാകും.

സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ തീരുമാനിക്കും

സി.പി.എം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുന്നു. ഇന്ന് മുതൽ മൂന്ന് ദിവസം നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യങ്ങളിൽ ധാരണയുണ്ടാകും. വിജയ സാധ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥി നിർണയത്തിൽ ഇളവുകൾ നൽകാനാണ് ആലോചന.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങളാണ് ഇന്ന് ചേരുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിലും, തുടർന്നുള്ള രണ്ട് ദിവസം നടക്കുന്ന സംസ്ഥാന കമ്മിറ്റിയും ഉണ്ടാവുക. തുടർച്ചയായി രണ്ട് തവണ ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. എന്നാൽ ഭരണത്തുടർച്ച ലക്ഷ്യം വെയ്ക്കുന്ന തെരഞ്ഞെടുപ്പിൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. സ്ഥാനാർത്ഥിയെ മാറ്റിയാൽ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകും.

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ആരൊക്കെ മത്സര രംഗത്ത് വേണം, മന്ത്രിമാർ എത്ര പേർ വീണ്ടും മത്സരിക്കണം തുടങ്ങിയ കാര്യങ്ങളിലും പ്രാഥമിക ചർച്ചകൾ നടക്കും. സീറ്റ് വിഭജനത്തിന്‍റെ കാര്യവും സംസ്ഥാന നേതൃയോഗങ്ങൾ വിശദമായി ചർച്ച ചെയ്യും. സി.പി.എമ്മിന്‍റെ സീറ്റുകളിൽ ഏതൊക്കെ വിട്ട് നൽകണം, പുതിയ കക്ഷികൾക്ക് എത്ര സീറ്റുകൾ നൽകണം തുടങ്ങിയ കാര്യങ്ങളിലും ചർച്ച നടക്കും.കേരള കോൺഗ്രസ് എം, എൽ.ജെ.ഡി എന്നീ പുതിയ കക്ഷികൾക്ക് സീറ്റുകള്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളി സി.പി.എമ്മിന് മുന്നിലുണ്ട്. ജനാധിപത്യകേരള കോണ്‍ഗ്രസ് അടക്കമുള്ള ചെറിയ കക്ഷികളില്‍ നിന്ന് ഏതൊക്കെ സീറ്റുകള്‍ ഏറ്റെടുത്തണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

നേതൃയോഗങ്ങള്‍ക്ക് പിന്നാലെ ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തിന്‍റെ റിപ്പോര്‍ട്ടിങ്ങും സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നടക്കും.