LiveTV

Live

Kerala

മുസ്‍ലിം ലീഗ് പ്രസിഡന്‍റിനെ കണ്ടത് മറ്റൊരു തരത്തിൽ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു: വിജയരാഘവനോട് സി.പി.എം

പാണക്കാട് പരാമർശത്തിൽ വിജയരാഘവനെ തിരുത്തി സിപിഎം സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതിൽ ജാഗ്രത പുലർത്തണമെന്നും സെക്രട്ടേറിയറ്റ്.

മുസ്‍ലിം ലീഗ് പ്രസിഡന്‍റിനെ കണ്ടത് മറ്റൊരു തരത്തിൽ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു: വിജയരാഘവനോട് സി.പി.എം

പാണക്കാട് പരാമർശത്തിൽ വിജയരാഘവനെ തിരുത്തി സിപിഎം. ഘടകക്ഷിയുടെ പ്രസിഡന്‍റിനെ കണ്ടത് മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതിൽ ജാഗ്രത പുലർത്തണമെന്ന് സെക്രട്ടേറിയറ്റ്. ജമാഅത്ത് ബന്ധം ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കത്തെയാണ് വിമർശിച്ചതെന്നായിരുന്നു വിജയരാഘവന്‍റെ വിശദീകരണം. ലീഗിനെയും ജമാഅത്തിനെയും വേർതിരിച്ച് പറയേണ്ടതായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരാഴ്ചയായി വിജയരാഘവന്‍റെ പാണക്കാട് പരാമര്‍ശം വന്‍ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് വലിയ രീതിയില്‍ ആയുധമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതസംഘടനകളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു വിജയരാഘവന്‍ നടത്തിയ പരാമര്‍ശം. അതിനെതിരെ അപ്പോള്‍ തന്നെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഒരു ഘടകകക്ഷി നേതാക്കള്‍ മറ്റൊരു ഘടക കക്ഷിയുടെ നേതാവിനെ കാണുന്നതില്‍ തെറ്റെന്ത് എന്ന ചോദ്യം അടക്കം കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നു. ഇത് സിപിഎമ്മിന് രാഷ്ട്രീയ പരമായ തിരിച്ചടിയുണ്ടാക്കി എന്ന തിരിച്ചറിവിലാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. മുസ്‍ലിം ലീഗിനെയും ജമാഅത്തെ ഇസ്‍ലാമിയെയും രണ്ടായി കാണുന്ന പ്രസ്ഥാനമാണ് സിപിഎം. രണ്ട് പാര്‍ട്ടികളെയും ഒരുപോലെ കാണുക എന്നത് സിപിഎമ്മിന്റെ നയമല്ല എന്ന ഓര്‍മപ്പെടുത്തലും സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിലുണ്ടായി. വിജയരാഘവന്‍റെ പരാമര്‍ശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഈ കൂടിക്കാഴ്ചയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചത് ശരിയായില്ല. അത് അനവസരത്തിലുള്ളതായിപ്പോയി എന്നായിരുന്നു സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.

കോണ്‍ഗ്രസ്, ജമാഅത്തെ ഇസ്‍ലാമിയുമായി കൂട്ടുചേരുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നായിരുന്നു ഇതിന് വിജയരാഘവന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റൊരു തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. അതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത് എന്നും വിജയരാഘവന്‍ പറഞ്ഞു. ഇതിന് മറുപടിയായി മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ കൃത്യമായി പറയണമെന്ന് വിജയരാഘവനോട് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങളാണ് ഇന്ന് ചേരുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിലും, തുടർന്നുള്ള രണ്ട് ദിവസം നടക്കുന്ന സംസ്ഥാന കമ്മിറ്റിയും ഉണ്ടാവുക. തുടർച്ചയായി രണ്ട് തവണ ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. എന്നാൽ ഭരണത്തുടർച്ച ലക്ഷ്യം വെയ്ക്കുന്ന തെരഞ്ഞെടുപ്പിൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. സ്ഥാനാർത്ഥിയെ മാറ്റിയാൽ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകും.