LiveTV

Live

Kerala

വീക്ഷണത്തിലെ 'ആദരാഞ്ജലി': രണ്ട് പേർക്ക് സസ്‍പെൻഷൻ

മാർക്കറ്റിങ് ജീവനക്കാരനെയും പേജ് ഡിസൈനിങ് വിഭാഗത്തിലെ ജീവനക്കാരനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വീക്ഷണത്തിലെ 'ആദരാഞ്ജലി': രണ്ട് പേർക്ക് സസ്‍പെൻഷൻ

വീക്ഷണം പത്രത്തിലെ ആദരാഞ്ജലി പ്രയോഗവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് സസ്‍പെൻഷൻ. കാസർകോട് ബ്യൂറോയിലെ രണ്ട് പേർക്കെതിരെയാണ് അച്ചടക്ക നടപടി. മാർക്കറ്റിങ് ജീവനക്കാരനെയും പേജ് ഡിസൈനിങ് വിഭാഗത്തിലെ ജീവനക്കാരനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ആശംസക്ക് പകരം ആദരാഞ്ജലി എന്ന് അച്ചടിച്ചതിനാണ് നടപടി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടന ദിവസം ഇറങ്ങിയ പത്രത്തിലാണ് പിശക് പറ്റിയത്. ഉദ്ഘാടന ദിവസം തന്നെ പാർട്ടി പത്രം യാത്രയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത് ഏറെ വിവാദമായിരുന്നു.

വീക്ഷണത്തിലെ 'ആദരാഞ്ജലി': രണ്ട് പേർക്ക് സസ്‍പെൻഷൻ

സംഭവത്തില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തത്. രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമായത്. കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച യാത്ര ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.

യാത്രയുടെ പ്രധാന മുദ്രാവാക്യം സംശുദ്ധം, സദ്ഭരണം എന്നതാണ്. തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കലാണ് ജാഥയുടെ ലക്ഷ്യം. ജാഥ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും. യു.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനും ജാഥയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കും.