മുൻ നിയമ സെക്രട്ടറി ജസ്റ്റിസ് സി ഖാലിദ് അന്തരിച്ചു
മഅ്ദനിയുടെ അന്യായ ജയില്‍ വാസം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്ന കേരളഹൈക്കോടതിയുടെ സുപ്രധാന വിധി ലഭിച്ചത് അഡ്വ. സി ഖാലിദ് ഹാജരായപ്പോഴാണ്
മുൻ നിയമ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് സി ഖാലിദ് മരണപ്പെട്ടു. കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലശ്ശേരി സ്വദേശിയായ അദ്ദേഹം മഞ്ചേരി ജില്ലാ കോടതിയിലാണ് ജഡ്ജിയായി സേവനമനുഷ്ടിച്ചത്. പത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്
അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ അടക്കപ്പെട്ട സന്ദര്‍ഭത്തില്‍ ചില നിര്‍ണായക കേസുകളില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായിട്ടുണ്ട്. മഅ്ദനിയുടെ അന്യായ ജയില്‍ വാസം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്ന കേരളഹൈക്കോടതിയുടെ സുപ്രധാന വിധി ലഭിച്ചത് അഡ്വ. സി ഖാലിദ് ഹാജരായപ്പോഴാണ്. ജാമ്യ അപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഘട്ടത്തില്‍ അദ്ദേഹത്തിന് വേണ്ടി നിയമ സഹായ ലഭ്യമാക്കാനും അദ്ദേഹം സന്നദ്ധനായിട്ടുണ്ട്. ശാരീരിക അവശതകള്‍ക്കിടയിലും ജാമ്യഅപേക്ഷയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പലപ്പോഴും യാത്രകള്‍ ചെയ്തിട്ടുണ്ട്. അബദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ ജനശ്രദ്ധയുണര്ത്തുന്നതിന് വേണ്ടി പ്രമുഖ പത്രങ്ങളിലുള്പ്പടെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേരളത്തിലെ തന്നെ വലിയ വര്‍ഗ്ഗീയ കലാപങ്ങളിലൊന്നായ തലശ്ശേരി കലാപവേളയില്‍ മുസ്ലിം പള്ളികള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സുഹൃത്തായ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കറ്റ് ജനറലും ആയിരിന്ന അഡ്വ.എം കെ ദാമോദരനൊപ്പം ആര്.എസ്.എസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ദിവസങ്ങളോളം രാത്രികാലങ്ങളില്‍ മുസ്ലിംപള്ളികള്ക്ക് മുമ്പില്‍ കാവലിരുന്ന കാര്യം അദ്ദേഹം പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. തലശേരിയിലെ പ്രമുഖ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം സമ്പ്രാദായിക രാഷ്ട്രീയ കക്ഷികള്‍ക്കിടയിലെ മൂല്യഛുതികള്ക്കെതിരെ തൂലിക ചലിപ്പിക്കുക ചെയ്ത പ്രതിഭാധനന് കൂടിയായിരുന്നു.