LiveTV

Live

Kerala

മുന്നാക്ക സംവരണത്തിനെതിരെ സമരത്തിനിറങ്ങിയത് വര്‍ഗീയ സംഘടനകള്‍: വിജയരാഘവന്‍

'സംവരണേതര വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം സി.പി.എമ്മിന്റെ പ്രഖ്യാപിത നയമായിരുന്നു. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിന് തടസ്സം.'

മുന്നാക്ക സംവരണത്തിനെതിരെ സമരത്തിനിറങ്ങിയത് വര്‍ഗീയ സംഘടനകള്‍: വിജയരാഘവന്‍

സവർണ സംവരണത്തിനെതിരെ സമര രംഗത്തിറങ്ങിയത് വർഗീയ സംഘടനകളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സംവരണേതര വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമായിരുന്നുവെന്നും ഭരണഘടനാ വ്യവസ്ഥകൾ തടസ്സം നിന്നതിനാലാണ് ഇത്രയും കാലം അത് നടപ്പാക്കാതിരുന്നതെന്നും വിജയരാഘവൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സവർണ സംവരണത്തിനെതിരെ സമരം ചെയ്യുക വഴി കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിച്ചുവെന്നും സവർണ സംവരണം യു.ഡി.എഫിന്റെ നയമായിട്ടു പോലും ലീഗിനെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും "വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും" എന്ന തലക്കെട്ടില്‍ ദേശാഭിമാനി നിലപാട് പേജില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവൻ പറയുന്നു.

"സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സിപിഐ എമ്മിന്റെ പ്രഖ്യാപിത നയമാണ്‌. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം. അടുത്തകാലത്ത്‌ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക്‌ ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ്‌ ഇതു നടപ്പാക്കുന്നത്‌. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ്‌ നേതാക്കൾ പ്രഖ്യാപിച്ചത്‌. യുഡിഎഫ്‌ പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞില്ല."
വിജയരാഘവന്റെ 'ദേശാഭിമാനി' ലേഖനത്തിൽ നിന്ന്‌

തെരഞ്ഞെടുപ്പ്‌ ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ്‌ കേരളത്തിലെ കോൺഗ്രസിനുള്ളതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന്‌ അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ മേധാവിത്വം നൽകി.

ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ അകലുക മാത്രമല്ല ഉണ്ടായത്‌. മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ്‌ അധികാരത്തിനുവേണ്ടി ഏതു വർഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക്‌ ആ പാർട്ടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന്‍റെ നിലപാട്‌ രാജ്യത്തിന്‍റെ മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ പോറലുണ്ടാക്കുമെന്നാണ്‌ നെഹ്‌റു രാഷ്‌ട്രപതിക്ക്‌ എഴുതിയ കത്തിൽ അന്ന്‌ പറയാൻ ശ്രമിച്ചത്‌.

ഈ നിലപാടിൽനിന്നുള്ള പൂർണമായ പിന്മാറ്റമാണ്‌ വർഗീയതയുമായി ബന്ധപ്പെട്ട്‌ ഇന്നത്തെ കോൺഗ്രസിനുള്ളത്‌. ‌ കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത്‌ ഈ മൃദുഹിന്ദുത്വമാണ്‌. കൂട്ടത്തോടെയാണ്‌ കോൺഗ്രസ്‌ എംഎൽഎമാരും മന്ത്രിമാരും ബിജെപിയിലേക്ക്‌ ഓടിക്കയറുന്നത്‌. മധ്യപ്രദേശ്‌ ബി.ജെ.പിയുടെ കീഴിലായി. കർണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ്‌ ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയിൽ മന്ത്രിയും എംഎൽഎയുമടക്കം കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരിക്കുന്നു. കേരളത്തിൽ ഇതു സംഭവിക്കില്ലെന്നു പറയാൻ കഴിയുമോ? മൃദുഹിന്ദുത്വവും ഹിന്ദുവർഗീയതയ്‌ക്ക്‌ വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കിൽ എവിടെയും ഇതു സംഭവിക്കാമെന്നും ലേഖനത്തില്‍ പറയുന്നു.