LiveTV

Live

Kerala

ഇനിയും പാണക്കാട്ടേക്ക് പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ നിരാശയെന്ന് ഉമ്മൻചാണ്ടി

കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെയാണ് വിജയരാഘവന്റെ പരിഭവം

ഇനിയും പാണക്കാട്ടേക്ക് പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ നിരാശയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സന്ദർശനത്തെ സിപിഎം സങ്കുചിത രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ് എന്നും ഉമ്മൻചാണ്ടി ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ ഹൈദരലി തങ്ങളെ സന്ദർശിച്ചതിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന് മറുപടി പറയുകയായിരുന്നു ഉമ്മൻചാണ്ടി.

എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെയാണ് വിജയരാഘവന്റെ പരിഭവം. ബാബരി മസ്ജിദ് തകർത്ത അവസരത്തിൽ കേരളത്തെ രക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്- ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.

അതിനിടെ, അപകടകരമായ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുകയാണ് സിപിഎമ്മിൻറെ അജണ്ട. മുസ്‌ലികളെ ഒറ്റപ്പെടുത്തുക, അതിന് അന്തർദേശീയ വിഷയങ്ങൾ പറയുക. എന്നിട്ട് ക്രിസ്ത്യാനികളുടെ ഇടയിൽ ഭീതി പടർത്തുക, ഫ്രാൻസിൽ പള്ളിപിടിക്കുന്നു, ഇവിടെ മുസ്‌ലികളെല്ലാം നിങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു തുടങ്ങിയ തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡൻറിനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. ഇരുമതവിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് വർഗീയത പ്രചരിപ്പിക്കുക എന്നത് അവരുടെ പാർട്ടി തന്ത്രമാണ്. പാണക്കാട് തങ്ങൾ പാർട്ടിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവാണ്. അദ്ദേഹത്തെ പോയി കാണുന്നതിൽ എന്ത് വർഗീയതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. അർഹതയില്ലാത്ത ഒന്നും ആരും നേടിയിട്ടില്ല. സീറ്റ് ചർച്ചകൾ പകുതി പൂർത്തിയായെന്നും ആരൊക്കെ എവിടെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.