നേമത്ത് മത്സരിക്കുന്ന കരുത്തനായ ആ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്?
ഉമ്മന്‍ചാണ്ടിക്ക് മേല്‍ നേമത്ത് മത്സരിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കരുത്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കുമെന്ന ഉറപ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍. വിവാദം രാഷ്ട്രീയമായ തിരിച്ചടിക്ക് വഴിവെക്കരുതെന്ന് കണക്കു കൂട്ടലില്‍ കരുതലോടെ യാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.ബിജെപിയെ നേരിടാന്‍ കഴിയുന്ന കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ നേമത്ത് വേണമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഉമ്മന്‍ചാണ്ടിക്ക് മേല്‍ നേമത്ത് മത്സരിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെ ഉമ്മന്‍ചാണ്ടി തന്നെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു, ഇതോടെ ഉമ്മന്‍ചാണ്ടിയില്ലെങ്കിലും നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. ഉമ്മന്‍ചാണ്ടിയാവട്ടെ എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന നിലപാട് ഇന്നും ആവര്‍ത്തിച്ചു.
എന്നാല്‍ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കള്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വിട്ട് മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു വി.എസ് ശിവകുമാറിന്റെ പ്രതികരണം. തിരുവനന്തപുരമാണ് തന്റെ പ്രവർത്തന മണ്ഡലം. പാർട്ടി സമ്മതിച്ചാല്‍ തിരുവനന്തപുരത്ത് തന്നെ സ്ഥാനാർത്ഥിയാകുമെന്നും ശിവകുമാർ പറഞ്ഞു. എന്തായാലും നേമം പിടിക്കാന്‍ കഴിയുന്ന തുടര്‍ രാഷ്ട്രീയനീക്കം എങ്ങനെയെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ സജീവ ചര്‍ച്ച.