LiveTV

Live

Kerala

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ച് വീക്ഷണം!

അവസാന പേജിൽ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ച് വീക്ഷണം!

കാസർക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ട് തുടക്കമാകുകയാണ്. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ പരിപാടി ആരംഭിക്കും മുമ്പെ യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം.

യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് പത്രത്തിന്റെ അവസാന പേജിൽ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് ചേർത്തിട്ടുള്ളത്. അതിനു താഴെ പരസ്യദാതാക്കളുടെ പേരും വിവരങ്ങളും. കാസർക്കോട് ഡിസിസിയുടേതാണ് പരസ്യം. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ കുറിപ്പുമുണ്ട്.

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ച് വീക്ഷണം!

അതിനിടെ, പരിപാടിക്ക് മുമ്പോടിയായി കാസർക്കോട്ടെ മാലിക് ബിൻ ദീനാർ മസ്ജിദ് രമേശ് ചെന്നിത്തല ഞായറാഴ്ച സന്ദർശിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ളവർ രമേശിന് ഒപ്പമുണ്ടായിരുന്നു. ഇന്നലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ചെന്നിത്തല സന്ദർശനം നടത്തിയിരുന്നു.

യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22 നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക. 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.