ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് പാലായില്‍ വിവാദങ്ങൾ സൃഷ്ടിക്കുന്നത്: മാണി സി. കാപ്പനെതിരെ എം. എം മണി
കെ.എം മാണിയുടെ എൺപത്തിയെട്ടാമത് ജന്മദിനാചരണം മന്ത്രി എം.എം മണി ഉൽഘാടനം ചെയ്തു

പാലായിൽ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങിൽ മാണി സി. കാപ്പൻ പങ്കെടുത്തില്ല. പരിപാടിയിൽ പങ്കെടുത്ത മന്ത്രി എം.എം മണി മാണി സി. കാപ്പനെ പരോക്ഷമായി വിമർശിച്ചു. ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാൽ കെ.എം മാണി പാലയെ കൈകുമ്പിളിൽ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാൻ കഴിയുമെന്നും എം.എം മണി പറഞ്ഞു.
മണ്മറഞ്ഞ കെ.എം മാണിയുടെ എൺപത്തിയെട്ടാമത് ജന്മദിനാചരണം ഉൽഘാടനം ചെയ്തത് മന്ത്രി എം.എം മണി. കെ.എം മണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് എം.എം മണി വേദിയിലേക്ക് എത്തിയത്. പാലായിൽ കെ.എം മാണി നടത്തിയ വികസന പദ്ധതികളെപ്പറ്റിയും മണിയെന്ന രാഷ്ട്രീയ നേതാവിനെയും മന്ത്രി എം.എം മണി അനുസ്മരിച്ചു.
പാലായിൽ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചർച്ചയായി. സീറ്റ് ചർച്ചകൾക്ക് മുമ്പേ ചിലർ വിവാദമുണ്ടാക്കുകയാണെന്നു കാപ്പനെതിരെ എം.എം മണി ഒളിയമ്പെയ്തു.
കടുത്തുരുത്തി സെന്റ് ജോൺസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ് ജോസഫ് വിഭാഗം കെ.എം മാണിയുടെ ജന്മദിനാചരണം നടത്തിയത്. ചടങ്ങിൽ പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.