LiveTV

Live

Kerala

ഐശ്വര്യ യാത്രയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചതില്‍ വീക്ഷണത്തോട് വിശദീകരണം തേടി കെ.പി.സി.സി

ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക

ഐശ്വര്യ യാത്രയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചതില്‍ വീക്ഷണത്തോട് വിശദീകരണം തേടി കെ.പി.സി.സി

ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി. ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് പത്രത്തിന്‍റെ അവസാന പേജിൽ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് ചേർത്തിട്ടുള്ളത്. അതിനു താഴെ പരസ്യദാതാക്കളുടെ പേരും വിവരങ്ങളുമുണ്ട്. കാസർക്കോട് ഡി.സി.സിയുടേതാണ് പരസ്യം. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്‍റെ കുറിപ്പും ഇതേ കേളത്തിലുണ്ട്.

അതിനിടെ, പരിപാടിക്ക് മുമ്പോടിയായി കാസർക്കോട്ടെ മാലിക് ബിൻ ദീനാർ മസ്ജിദ് രമേശ് ചെന്നിത്തല സന്ദർശിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയടക്കമുള്ളവർ ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22 നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക. 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.