ജയന്തി രാജൻ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥി?
സ്ത്രീ പ്രാതിനിധ്യത്തിൽ വനിതാ ലീഗും എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയും സീറ്റിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്

കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മുസ്ലിം ലീഗിൽ ആലോചന. സ്ത്രീ പ്രാതിനിധ്യത്തിൽ വനിതാ ലീഗും എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയും സീറ്റിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ജയന്തി രാജനെ രംഗത്തിറക്കാൻ ലീഗിൽ നീക്കമാരംഭിച്ചത്.
ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് കൂടിയായ ജയന്തി രാജന് ത്യശ്ശൂരിലെ ചേലക്കര സീറ്റ് നൽകാനാണ് ആലോചന. ലീഗ് അധികമായി ചോദിക്കുന്ന സീറ്റുകളിലൊന്നാണ് ചേലക്കര. സീറ്റ് നൽകാൻ സമ്മതമാണെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയായ ഇവർ ഇത്തവണ പുൽപള്ളി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
ജയന്തിയെ മത്സരിപ്പിക്കുന്നതോടെ ഒരേ സമയം സ്ത്രീ-ദലിത്- മുസ്ലിം ഇതര പ്രാതിനിധ്യം ഉറപ്പാക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. ഇത് ജയന്തിയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
സ്ത്രീ സ്ഥാനാർഥിത്വം സമസ്തയെ പ്രകോപിപ്പിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. മുസ്ലിം ഇതര വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കുന്നതിലൂടെ ഇതും മറികടക്കാനാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.