ദിനംപ്രതി 75,000 ആര്.ടി.പി.സി.ആര് ടെസ്റ്റ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല
ഒരു ദിവസം ഇത്രയും ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സൌകര്യം സംസ്ഥാനത്തില്ല.

കോവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ദിനംപ്രതി 75,000 ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല. ഒരു ദിവസം ഇത്രയും ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സൌകര്യം സംസ്ഥാനത്തില്ല. നിലവില്‍ 20,000ത്തില്‍ താഴെ ആര്‍ടിപിസിആര്‍ പരിശോധന മാത്രമാണ് സാധ്യമാകുന്നത്.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.
ഇനി വസ്തുതയെന്തെന്ന് പരിശോധിക്കാം. ഇപ്പോഴും പ്രതിദിന പരിശോധന 60,000 മാത്രം. അതില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണമാകട്ടെ 20,000ലും താഴെ. ആര്‍ടിപിസിആര്‍ പരിശോധനക്ക് സര്‍ക്കാര്‍ മേഖലയില്‍ 24 ലാബുകളും സ്വകാര്യ മേഖലയില്‍ 47 ലാബുകളുമാണുള്ളത്. ഉള്ളവയുടെ ശേഷി കൂട്ടിയാലും പരിശോധന 75000 ആക്കാന്‍ ഉടന്‍ കഴിയില്ല. തലസ്ഥാന ജില്ലയില്‍ പോലും പരമാവധി നടത്താനാകുക 1270 ടെസ്റ്റുകള്‍ മാത്രം.. മറ്റു പല ജില്ലകളില്‍ ഇതിലും താഴെയാണ് ആര്‍ടിപിസിആര്‍ പരിശോധന.
ആര്‍ടിപിസിആറിന്റെ എണ്ണം വര്‍ധിപ്പിക്കുക എന്നതില്‍ പ്രായോഗികമായ പ്രശ്നങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രിയും പറയുന്നു. എങ്കിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ പരിശോധന വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫലത്തില്‍ കൃത്യത കുറവാണെങ്കിലും കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ആന്റിജന്‍ പരിശോധനയെയാണ് കേരളം ആശ്രയിച്ചത്. അതുകൊണ്ട് തന്നെ ആര്‍ടിപിസിആര്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടായില്ല. പക്ഷേ കര്‍ണാടക ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.