LiveTV

Live

Kerala

മണ്ണിനെയും മനുഷ്യനെയും തിരിച്ചറിഞ്ഞ കർഷകൻ കൂടിയാണ്: ടിഎൻ പ്രതാപൻ

സമരത്തെ അവമതിക്കാൻ നുണയിറക്കുന്ന കേന്ദ്ര സർക്കാരിന്റെ ശരീര ഭാഷയാണോ നമ്മൾ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്?

മണ്ണിനെയും മനുഷ്യനെയും തിരിച്ചറിഞ്ഞ കർഷകൻ കൂടിയാണ്: ടിഎൻ പ്രതാപൻ

കാർഷിക നിയമങ്ങൾക്കെതിരെ ഹരജിക്ക് പോകാൻ കർഷകൻ ആകണമെന്ന് നിർബന്ധമുണ്ടോ എന്ന് ടിഎൻ പ്രതാപൻ എം.പി. എന്തിനാണ് കോടതി അങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് കർഷകർ മാത്രമല്ല എന്ന് പറഞ്ഞ് സമരത്തെ അവമതിക്കാൻ നുണയിറക്കുന്ന കേന്ദ്ര സർക്കാരിന്റെ ശരീര ഭാഷയാണോ നമ്മൾ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്? കാർഷിക നിയമങ്ങൾ കർഷകരെ മാത്രം ബാധിക്കുന്ന വിഷയമേയല്ല. ഇത് ഭക്ഷ്യ സുരക്ഷയുടെ പ്രശ്‌നമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് പ്രതാപന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

കർഷക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ആദ്യം ഹരജി ഫയൽ ചെയ്തത് ഞാനായിരുന്നെങ്കിലും എന്റെ കേസ് ആദ്യമായി പരിഗണിച്ചത് ഇന്നലെയായിരുന്നു. കർഷകരുടെ സമരം തുടരുന്ന വേളയിൽ സുപ്രീം കോടതി കേസ് പരിഗണിച്ചത് ഏറെ ശ്രദ്ധേയമായി.

ഹരജി പരിഗണിക്കവെ, ടി എൻ പ്രതാപൻ കർഷകനാണോ എന്നായിരുന്നു കോടതിയുടെ ഒരു ചോദ്യം. പ്രതാപൻ കർഷകൻ മാത്രമല്ല, ലോകസഭാ അംഗവും കൂടിയാണെന്ന് എന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. മൽസ്യത്തൊഴിലാളിയായ അച്ഛന്റെയും കാർഷികവൃത്തിയിൽ കൂലിത്തൊഴിലാളിയായ അമ്മയുടെയും മകനായി ജനിച്ചു വളർന്ന എനിക്ക് മണ്ണും മനുഷ്യനും എന്താണെന്ന് നല്ലതുപോലെ അറിയാം. മണ്ണും മനുഷ്യനുമാണ് എന്റെ മതം.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഈ കോവിഡ് കാലത്ത് 'എംപിയുടെ ഹരിതം' പദ്ധതി ആയിരക്കണക്കിന് ഏക്കറിൽ നടപ്പിലാക്കിയ ആളാണ് ഞാൻ. പോരാത്തതിന് യു പി എ സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ തുടങ്ങിയ ഫാർമേഴ്സ് പ്രൊഡ്യൂസഴ്‌സ് കമ്പനി രൂപീകരിച്ച് ആയിരക്കണക്കിന് കർഷകരോടൊപ്പം കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ കർഷകനാണോ എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

എന്നാൽ കാർഷിക നിയമങ്ങൾക്കെതിരെ ഹരജിക്ക് പോകാൻ കർഷകൻ ആകണമെന്ന് നിർബന്ധമുണ്ടോ? പിന്നെ എന്തിനാണ് കോടതി അങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് കർഷകർ മാത്രമല്ല എന്ന് പറഞ്ഞ് സമരത്തെ അവമതിക്കാൻ നുണയിറക്കുന്ന കേന്ദ്ര സർക്കാരിന്റെ ശരീര ഭാഷയാണോ നമ്മൾ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്? അല്ല.

കാർഷിക നിയമങ്ങൾ കർഷകരെ മാത്രം ബാധിക്കുന്ന വിഷയമേയല്ല. ഇത് ഭക്ഷ്യ സുരക്ഷയുടെ പ്രശ്‌നമാണ്. സാധാരണക്കാരനെ ഏറ്റവും ബാധിക്കുന്ന വിഷയം. ഇക്കാര്യത്തിൽ കർഷകർ മാത്രം പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടാകുന്നതാണ് അപകടം. നമ്മൾ അത്രമേൽ അരാഷ്ട്രീയ വത്കരിക്കപ്പെട്ടുവോ? ഇത് ജനങ്ങളുടെ പ്രക്ഷോഭമാണ്. ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടം. അത് കോടതിയിലും അങ്ങനെ തന്നെയാണ്. ഇനി ഇതൊക്കെ കർഷകരെ മാത്രം ബാധിക്കുന്ന വിഷയമായാൽ പോലും സഹജീവികൾക്ക് യാതൊരു ബാധ്യതയുമില്ലേ?

കാർഷിക നിയമങ്ങളുടെ കാര്യത്തിൽ നേരത്തേ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് ദൗർഭാഗ്യകരമായ നീക്കമായിരുന്നു. നിയമങ്ങൾ തൽക്കാലത്തേക്ക് മരവിപ്പിക്കാമെന്നത് സമരം തണുപ്പിക്കാനുള്ള പൊടിക്കൈ ആണെന്ന് സുപ്രീം കോടതി നിയമിച്ച സമിതി നോക്കിയാൽ തന്നെ മനസ്സിലാകും. സമിതി അംഗങ്ങളെല്ലാം ഈ നിയമങ്ങളെ അനുകൂലിക്കുന്നവർ. സർക്കാർ നടത്തുന്ന ചർച്ചകൾ പോലെ സമിതിയും ഒരു പ്രഹസനം.

എന്നിരുന്നാലും എന്റെ ഹരജിയും സുപ്രീം കോടതി പരിഗണിച്ചതിൽ സന്തോഷവും പ്രതീക്ഷയുമുണ്ട്. പോരാട്ടം പാർലമെന്റിലും കോടതിയിലും തെരുവിലും തുടരും.