ക്രിസ്ത്യൻ വയോധികയുടെ അന്ത്യകർമത്തിനു വേദിയായി മദ്രസ
മദ്രസക്ക് സമീപം താമസിക്കുന്ന സ്ത്രീകൾ മൃതദേഹം കുളിപ്പിക്കാനും മറ്റും നേതൃത്വം നൽകി

ക്രിസ്ത്യൻ വയോധികയുടെ അന്ത്യകർമത്തിനു വേദിയായതു മലപ്പുറം ചീക്കോട് പഞ്ചായത്തിലെ പൊന്നാട് മദ്രസ.മഞ്ചേരിയിലെ ഒരു ഹോസ്റ്റൽ വാർഡൻ ആയി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഡ്ജറ്റ് റിച്ചാർഡ് എന്ന ക്രിസ്ത്യൻ വനിത കഴിഞ്ഞ ദിവസമാണ് മരിച്ചത് .
കോഴിക്കോട് സ്വദേശിയായ ഇവർ വർഷങ്ങളായി ചീക്കോട് പഞ്ചായത്തിലെ പൊന്നാടാണ് താമസിച്ചിരുന്നത്. ഭർത്താവ് സുന്ദരൻ നേരത്തേ മരണപ്പെട്ടിരുന്നു. ബന്ധുമിത്രാദികളെല്ലാം ദൂരെ ദിക്കിലായതിനാൽ ഓടിയെത്താനായതു ചുരുക്കം ചിലർക്കു മാത്രം. അന്ത്യകർമങ്ങൾക്കു പ്രയാസമായതോടെ സിഎച്ച് സെന്ററിൽ നിന്നു ഫ്രീസർ എത്തിച്ചു.

തൊട്ടടുത്ത തഹ്ലീമുൽ ഇസ്ലാം മദ്രസാ കമ്മിറ്റി മറ്റൊന്നും ആലോചിക്കാതെ ബാക്കി കാര്യങ്ങളെല്ലാം ഏറ്റെടുത്തു. ക്ലാസ് റൂം തുറന്ന് സൗകര്യപ്പെടുത്തി. നാട്ടുകാർ തന്നെ മദ്രസാ മൂറ്റത്ത് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. മദ്രസക്ക് സമീപം താമസിക്കുന്ന സ്ത്രീകൾ മൃതദേഹം കുളിപ്പിക്കാനും മറ്റും നേതൃത്വം നൽകി.
അന്ത്യ കർമങ്ങൾക്കു ശേഷം മൃതദേഹം, നാടിന്റെ സ്നേഹവും കരുതലും ഏറ്റുവാങ്ങി കോഴിക്കോട്ടെ സെമിത്തേരിയിലേക്കു കൊണ്ടുപോയി. ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നൽ കിയവർക്ക് നന്ദി പറഞ്ഞാണ് മതകർമങ്ങൾക്ക് നേതൃത്വം നൽകിയ പുരോഹിതനും , വയോധികയുടെ ബന്ധുക്കളും മടങ്ങിയത്