LiveTV

Live

Kerala

യു. ഷറഫലി ഏറനാട് മത്സരിച്ചേക്കും; മലപ്പുറത്ത് ഏഴ് സീറ്റ് ലക്ഷ്യം വെച്ച് എല്‍.ഡി.എഫ്

സിറ്റിംഗ് എംഎൽഎമാർക്കൊപ്പം പുതുമുഖങ്ങളെയും കൂടി മത്സരിപ്പിച്ചു നേട്ടമുണ്ടാക്കാനാവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

യു. ഷറഫലി ഏറനാട് മത്സരിച്ചേക്കും; മലപ്പുറത്ത് ഏഴ് സീറ്റ് ലക്ഷ്യം വെച്ച് എല്‍.ഡി.എഫ്

നിയമസഭ തെരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്ത്​ സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു. നിലവിൽ നാല് സീറ്റുള്ള എൽ.ഡി.എഫ്​ ഇത്തവണ ഏഴ് സീറ്റാണ്​ ലക്ഷ്യമിടുന്നത്. സിറ്റിംഗ് എംഎൽഎമാർക്കൊപ്പം പുതുമുഖങ്ങളെയും കൂടി മത്സരിപ്പിച്ചു നേട്ടമുണ്ടാക്കാനാവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. മലപ്പുറത്തെ ലീഗ് ആധിപത്യം തകർക്കാൻ തന്ത്രങ്ങൾ മെനയുകയാണ് എല്‍.ഡി.എഫ്. ഇത്തവണ ജില്ലയിലെ സീറ്റെണ്ണം വർധിപ്പിക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടൽ. പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനും തവനൂരിൽ കെ.ടി. ജലീലും നിലമ്പൂരിൽ പി.വി. അൻവറും തന്നെ മത്സരിക്കാനാണ്​സാധ്യത.

ഇന്ത്യൻ ഫുട്ബാൾ ടീം മുൻ താരവും ആർ.ആർ.ആർ.എഫ് കമാണ്ടൻറുമായിരുന്ന അരീക്കോട് തെരട്ടമ്മൽ സ്വദേശി യു. ഷറഫലിയെ ഏറനാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഫുട്ബാളിന്‍റെ ഈറ്റില്ലമായ ഏറനാട്ടിൽ യു. ഷറഫലി നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് നീക്കത്തിന് പിന്നിൽ. സി.പി.ഐയുടെ കൈവശമുള്ള ഏറനാട് മണ്ഡലത്തിൽ കെ.ടി. അബ്​ദുറഹ്മാനായിരുന്നു 2016ലെ സ്ഥാനാർഥി. ഇദ്ദേഹത്തിന്‍റെ പേരും പരിഗണനയിലുണ്ട്.

തിരൂരങ്ങാടിയിൽ 2016ൽ പി.കെ. അബ്​ദുറബ്ബിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച നിയാസ് പുളിക്കലകത്ത് തന്നെ സ്ഥാനാർഥിയായേക്കും. സിഡ്കോ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ ഇത്തവണ സ്വന്തം നാടായ തിരൂരിലേക്ക് മാറുമെന്ന് സൂചനയുണ്ട്. 10 വർഷം തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു ഇദ്ദേഹം. അബ്ദുറഹ്മാൻ മാറുകയാണെങ്കിൽ 2016ൽ തിരൂരിലെ സ്ഥാനാർഥിയായിരുന്ന ഗഫൂർ പി. ലില്ലീസോ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്​ അംഗം ഇ. ജയനോ താനൂരിൽ സ്ഥാനാർഥിയാവും. പെരിന്തൽമണ്ണയിൽ മുൻ എം.എൽ.എ വി. ശശികുമാറിനെയോ, മുൻ നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീമിനെയോ രംഗത്തിറക്കും. കഴിഞ്ഞതവണ 500ൽപരം വോട്ടുകൾക്ക് മാത്രമാണ് മഞ്ഞളാംകുഴി അലി ശശികുമാറിനെ തോൽപിച്ചത്. മങ്കടയിൽ കഴിഞ്ഞതവണ അഹമ്മദ് കബീറിനോട് 2000 ൽ താഴെ വോട്ടുകൾക്ക് മാത്രം തോറ്റ അഡ്വ. ടി.കെ. റഷീദലി തന്നെ സ്ഥാനാർഥിയാകുമെന്നാണ്​സൂചന.