ഇന്നലെ ഉദ്ഘാടനം, ഇന്ന് അപകടം: ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു
ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു.
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം, വാഹനം ഇടിച്ച് തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളിൽ ഒന്നാണ് തകർന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.
പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ടോൾ പിരിവ് തുടങ്ങാത്തതിനാൽ ബൂത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം. സി സി ടി വി ഇല്ലാത്തതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
ടോൾ ബൂത്തിൽ നാല് ട്രാക്കുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നൽകിയത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുന്നു.