LiveTV

Live

Kerala

അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്കെതിരെ തുടരന്വേഷണം

തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു

അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്കെതിരെ തുടരന്വേഷണം

ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിജിലൻസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടത്താതെയാണ് വിജിലന്‍സ് റിപ്പോർട്ട് നല്‍കിയതെന്ന തച്ചങ്കരിയുടെ പരാതി പരിഗണിച്ചാണ് സർക്കാർ നടപടി. കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയ കേസിലാണ് വീണ്ടും അന്വേഷണം.

2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ടോമിൻ ജെ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തുടരന്വേഷണം. 2007 ലാണ് തച്ചങ്കരിയെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ തച്ചങ്കരിയ്ക്കെതിരെ റിപ്പോർട്ട് നൽകുകയും വിചാരണയ്ക്ക് അനുമതിയാവുകയും ചെയ്തിരുന്നു.

എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയും രേഖകൾ പൂർണമായും പരിശോധിക്കാതെയുമാണ് റിപ്പോർട്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെയും സർക്കാരിനെയും തച്ചങ്കരി സമീപിക്കുകയായിരുന്നു. തച്ചങ്കരി ഉന്നയിച്ച ആവശ്യം പരിഗണിക്കാവുന്നതാണെന്ന് വിലയിരുത്തിയാണ് തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയത്. വിജിലൻസ് പ്രത്യേക അന്വേഷണ സംഘം കേസിൽ പരിശോധന നടത്താനാണ് നിർദേശം. തുടരന്വേഷണ റിപ്പോർട്ട് അനുകൂലമായാൽ ലോക്‍നാഥ് ബെഹ്റയുടെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ തച്ചങ്കരിയും ഉൾപ്പെടും.