സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാർശ
2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രബല്യത്തോടെയുള്ള ശമ്പള പരിഷ്ക്കരണത്തിനാണ് ശുപാർശ നൽകിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന് ശുപാര്‍ശ. ക്ഷാമബത്ത ഉയര്‍ത്തണം, പെന്ഷന് തുക വര്‍ധിപ്പിക്കുക, പെന്ഷന് പ്രായം ഒരു വര്‍ഷം കൂട്ടണം തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2019 ജൂലൈ ഒന്ന് മുതൽ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശ.
16500 രൂപയായിരുന്ന കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയര്‍ത്താനാണ് പ്രധാന ശുപാര്‍ശ. കൂടിയ ശമ്പളം 166800 ആക്കാനും മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കുറഞ്ഞ ഇന്‍ക്രിമെന്റ് തുക 700 ഉം ഉയര്‍ന്നത് 3400 ആണ്. എച്ച്ആര്‍എ അടിസ്ഥാന ശമ്പളത്തിന്റെ ശതമാന നിരക്കിലേക്ക് മാറ്റി. നഗരങ്ങളില്‍ പത്ത് ശതമാനമായിരിക്കും നിരക്ക്. സിറ്റി കോംപന്‍സേഷന്‍ അലവന്‍സ് നിര്‍ത്തലാക്കി. പെന്ഷന് തുക ഉയര്‍ത്താനും ശുപാര്‍ശ നല്കി. കുറഞ്ഞ പെന്ഷന് 11,500 രൂപയും കൂടിയത് 83400 രൂപയുമാക്കാനാണ് നിര്‍ദേശം. പെന്ഷന് പ്രായം ഒരു വര്‍ഷം കൂട്ടാനും ശുപാര്‍ശ നല്കി.
80 വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്ത നല്‍കാനാണ് ശുപാര്‍ശ. പെന്ഷന് കണക്കാക്കുന്ന രീതിക്കും മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെയ്യാവുന്നതിന്റെ പരാമവധിയാണ് നിര്‍ദേശങ്ങളെന്നും കമ്മീഷന് വ്യക്തമാക്കി.
വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും അധിക അലവന്‍സ് നല്‍കണം. ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിലും മാറ്റം വരുന്ന രീതിയിലാണ് ശുപാര്‍ശ. അലവന്‍സുകളിലെല്ലാം പത്ത് ശതമാനം വര്‍ധനയ്ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.