LiveTV

Live

Kerala

ആയിരക്കണക്കിന് മൃതദേഹങ്ങളെ ക്യാമറ കണ്ണിലൂടെ കണ്ട ബാവക്ക

പത്താം വയസ്സില്‍ ഫോട്ടോഗ്രാഫി ആരംഭിച്ചതാണ്, അബ്ദുള്‍ റഷീദ് എന്ന തിരൂരുകാരുടെ ബാവക്ക. ഇൻക്വസ്റ്റ് നടപടികൾ ആവശ്യമുള്ള മരണങ്ങളുണ്ടാകുമ്പോൾ, പോലീസുകാർ ആദ്യം വിളിക്കുന്നത് ഇദ്ദേഹത്തെയാണ്

ആയിരക്കണക്കിന് മൃതദേഹങ്ങളെ ക്യാമറ കണ്ണിലൂടെ കണ്ട ബാവക്ക

കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മൃതദേഹങ്ങളുടെ മാത്രം ഫോട്ടോ എടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്, മലപ്പുറം തിരൂരിൽ. പത്താം വയസ്സില്‍ ഫോട്ടോഗ്രാഫി ആരംഭിച്ചതാണ്, അബ്ദുള്‍ റഷീദ് എന്ന തിരൂരുകാരുടെ ബാവക്ക. ഇൻക്വസ്റ്റ് നടപടികൾ ആവശ്യമുള്ള മരണങ്ങളുണ്ടാകുമ്പോൾ, അവ പകർത്താൻ പോലീസുകാർ ആദ്യം വിളിക്കുന്നത് ഇദ്ദേഹത്തെയാണ്. ചെറുപ്പം മുതൽ പിതാവിന്‍റെ കൂടെ ഫോട്ടോഗ്രാഫി പഠിച്ച് തുടങ്ങിയതാണ്. ഇന്ന് പ്രായം 69 കഴിഞ്ഞു. ബ്ലാക്ക് & വൈറ്റ് ഫോട്ടോകളുടെ കാലത്ത് തുടങ്ങിയതാണ് ക്യാമറയോടൊപ്പമുള്ള ഇദ്ദേഹത്തിന്‍റെ ജീവിതം.

സാധാരണ ഫോട്ടോഗ്രാഫർമാരിൽ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് മറ്റൊന്നാണ്. ഇക്കാലമത്രയും തന്‍റെ കാമറയിൽ പകർത്തിയ ചിത്രങ്ങളിൽ ഏറിയ പങ്കും മരിച്ച് പോയ മനുഷ്യരുടെ പടങ്ങളാണ്. ആത്മഹത്യ, കൊലപാതകം, അപകട മരണങ്ങൾ തുടങ്ങി പോലീസിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ഉള്ളിടത്തെല്ലാം, കാമറക്കണ്ണിലൂടെ ഇദ്ദേഹം അവ ഒപ്പിയെടുത്തു. ആയിരക്കണക്കിന് ജീവനറ്റവരെ കാമറയിൽ പകർത്തി. ചിലതൊക്കെ മനസ്സിൽ നൊമ്പരമായി തങ്ങി നിൽക്കുന്ന ഓർമ്മകളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മൃതദേഹം കാമറയിൽ പകർത്തിയത്.

പുഴയിൽ മുങ്ങി മരിച്ച ഒരാളുടെ ചിത്രം പകർത്താൻ പോലീസിന്‍റെ കൂടെ പോയ അന്ന് മുതൽ പിന്നീട് ഇക്കാലമത്രയും എത്രയോ മൃതദേഹങ്ങൾ ലെൻസിലൂടെ കണ്ടു ഇദ്ദേഹം. ആദ്യമാദ്യം മനസ്സ് പിടച്ചെങ്കിലും പിന്നീട് അറ്റുപോയ ശരീര ഭാഗങ്ങൾ അതേപടി പകർത്തിയും കൂട്ടിയോജിപ്പിച്ചുമൊക്കെ അത് ജീവിതത്തിന്‍റെ ഭാഗമായി മാറി. ഇന്നിപ്പോൾ ഒട്ടേറെ ആദരവുകളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തുന്നു. എഴുപതിലേക്ക് കടക്കുമ്പോഴും, തന്‍റെ കർമ്മ മേഖലയിൽ സജീവമാണ് ബാവക്ക എന്ന് സഹപ്രവർത്തകർ സ്നേഹത്തോടെ വിളിക്കുന്ന അബ്ദു റഷീദ്.