നക്സൽ വർഗീസ് വധം; ബന്ധുക്കള്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം, സര്‍ക്കാര്‍ പരിഗണിക്കും
ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

നക്സല്‍ വര്‍ഗീസ് വധത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബന്ധുക്കള്‍ നല്കിയ ഹരജി തീര്‍പ്പാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വർഗീസിന്റെ സഹോദരൻ എ. തോമസടക്കമുള്ളവർ നൽകിയ ഹരജിയാണ് തീര്‍പ്പാക്കിയത്. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ ഹർജിക്കാരോട് സർക്കാറിനു മുന്നിൽ രണ്ടാഴ്ചക്കകം ഉചിതമായ അപേക്ഷ സമർപ്പിക്കാനും അതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കാനും കോടതി നിർദ്ദേശം നല്കി.
വർഗീസിനെ സ്റ്റേഷനിൽ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തിൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വർഗീസിന്റെ ബന്ധുക്കൾ ഹരജി നൽകിയത്. പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട കൊടും കുറ്റവാളി വർഗീസിന്റെ സഹോദരങ്ങൾ എന്ന നിലയിൽ പൊതു സമൂഹത്തിൽ നിന്ന് അവഹേളനവും മനുഷ്യത്വരഹിതമായ സമീപനങ്ങളും നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന് അർഹരാണെന്നാണ് ഹരജിക്കാരുടെ വാദം. കൊടും കുറ്റവാളിയായ നക്സൽ വർഗീസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും 1970 ഫെബ്രുവരി 9,10 തീയതികളിൽ തിരുനെല്ലിയിലുണ്ടായ കവർച്ചയിലും കൊലപാതകത്തിലും ഇയാൾ പ്രതിയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഹർജിയിൽ സർക്കാർ നേരത്തെ ഹൈകോടതിയിൽ വിശദീകരണം നൽകിയത് വിവാദമായിരുന്നു.