LiveTV

Live

Kerala

കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിഡബ്ല്യൂസി

കുട്ടികളെ പൊലീസ് മർദ്ദിച്ചു എന്ന് പറയുന്നത് ശരിയല്ല. ഭക്ഷണം നല്‍കിയില്ലെന്ന് പറയുന്നതും തെറ്റായ പ്രചരണമാണ്. ജുവനൈൽ നിയമപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിഡബ്ല്യൂസി

കളമശ്ശേരിയിൽ പതിനേഴ് വയസുകാരനെ മർദിച്ച കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് മർദിച്ചെന്ന ആരോപണം തള്ളി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. കുട്ടികളെ പൊലീസ് മർദിച്ചെന്നു പറയുന്ന ആരോപണം തെറ്റ്. ജുവനൈൽ നിയമപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയെന്ന് സിഡബ്ല്യൂസി ജില്ലാ ചെയർമാൻ അരുണ്‍ കുമാർ മീഡിയവണിനോട് പറഞ്ഞു. മീഡിയാവൺ എക്‍സ്‍ക്ലൂസീവ്.

കഴിഞ്ഞ ദിവസമാണ് ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപത്ത് വെച്ച് 17 വയസ്സുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചതോടെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. പിന്നാലെ കേസില്‍ പ്രതിയായ ഒരു കുട്ടി ആത്മഹത്യ ചെയ്തതോടെയാണ് പൊലീസിനെതിരെ ആരോപണം ഉയര്‍ന്നത് സ്റ്റേഷനില്‍ വെച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പ്രതികളായ ചില കുട്ടികള്‍ ആരോപിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് സിഡബ്ല്യൂസിയുടെ കണ്ടെത്തല്‍.

കുട്ടികളെ മര്‍ദ്ദിച്ചിട്ടില്ലെന്നും ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ് കേസ് എടുത്തതെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ മയക്ക് മരുന്ന ഉപയോഗം വര്‍ധിച്ച് വരുന്നതായും കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സിഡബ്ല്യൂസി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ചെറുക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനും സിഡബ്ല്യൂസി തീരുമാനിച്ചിട്ടുണ്ട്.

പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. സ്റ്റേഷനിലെ സിസിടിവിയടക്കം ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതികളായ കുട്ടികള്‍..