യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആകുമോ..? കുഞ്ഞാലിക്കുട്ടിക്ക് പറയാനുള്ളത്
രാഷ്ട്രീയ സാഹചര്യം മാറിയാല്‍ ഇടതുപക്ഷത്തിലേക്ക് ലീഗ് പോകുമോ എന്ന ചോദ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. മീഡിയവണിലെ 'നായകതന്ത്രം' എന്ന പരിപാടിക്കിടെ അഭിലാഷ് മോഹനന് ചോദിച്ച ചോദ്യത്തിനാണ് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്. ഉപമുഖ്യമന്ത്രിയാകാനാണെങ്കില്‍ കഴിഞ്ഞ തവണയും ആകാമായിരുന്നെന്നും മുന്നണിയില്‍ ആ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളിലാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുകയെന്നും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.
പലപ്പോഴും മുന്നണിയില്‍ ലീഗ് പലതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്തിട്ടുണ്ടെന്നും അത് പക്ഷേ ഒരു നഷ്ടമായി ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സാഹചര്യം മാറിയാല്‍ ഇടതുപക്ഷത്തിലേക്ക് ലീഗ് പോകുമോ എന്ന ചോദ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നായിരുന്നു മറുപടി. ഇപ്പോഴത്തെ സി.പി.എം നിലപാട് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും ഇതേ നിലപാടില്‍ സിപിഎം തുടരുകയാണെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിയാല്‍പോലും സി.പി.എമ്മിനോട് ഒപ്പം കൂടുക എന്നത് അസംഭവ്യമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിണറായി വിജയനുമായി നല്ല സൌഹൃമാണുള്ളതെന്നും അതൊരിക്കലും മൃദുസമീപനമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹവുമായി എന്നും മികച്ച സൌഹൃദമാണ് എന്നും പുലര്‍ത്തിയിട്ടുള്ളത്, അത് രാഷ്ട്രീയത്തിനെ ബാധിക്കിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.