പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി
കൊലപാതകം ആസൂത്രിമാണോ അല്ലേ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ്
മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്തെ യുവാവിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലേ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ലെന്ന് എസ്പി യു. അബ്ദുല്‍ കരീം പറഞ്ഞു.
ജനുവരി നാലാം തീയതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് പള്ളിക്കമ്മറ്റി മുഖാന്തിരം രണ്ട് കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.
കേസിലെ അറസ്റ്റിലായവരിലൊരാളായ നിസാം ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാള്‍ ഓട്ടോയില്‍ വരുമ്പോള്‍ ബൈക്കില്‍ വന്ന ബാപ്പുട്ടി എന്ന ആളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സമീര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സമീറിന്റെ എളാപ്പയുടെ മകനാണ് ബാപ്പുട്ടി. കൊല്ലപ്പെട്ട സമീര്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. യുഡിഎഫ് അനുഭാവി മാത്രമാണ്. കേസില്‍ പിടിയിലായവര്‍ എല്‍ഡിഎഫ് അനുഭാവികളാണ്.
എന്നാല്‍ മലപ്പുറത്തെ മുസ്ലിം ലീഗ് പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നേരത്തെ സംഘർഷമുണ്ടായ പ്രദേശമാണ്. നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നംപരിഹരിച്ചിരുന്നില്ല. ശക്തമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.