കൊലപാതകം മോഷണ മുതല്‍ പങ്കുവെക്കാതിരിക്കാന്‍; പുല്ലേപ്പടി കൊലപാതകത്തില്‍ പ്രതി പിടിയില്‍
മോഷണ ശ്രമം മറച്ചുവെക്കാന്‍ സുഹൃത്തായ ജോബിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

കൊച്ചി പുല്ലേപ്പടിയിലെ യുവാവിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍ മനാശേരി സ്വദേശി ഡിനോയാണ് പിടിയിലായത്. മോഷണ ശ്രമം മറച്ചുവെക്കാന്‍ സുഹൃത്തായ ജോബിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പുതുവത്സര രാത്രിയില്‍ എളമക്കര പുതവക്കവലവട്ട് പ്ലാസിഡിന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നലെഎളമക്കര പൊലീസ് വീട്ടുടമസ്ഥന്റെ സഹോദര പുത്രനായ ഡിനോയിയെ ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിന്റെ വിവരം ഡിനോയ് പൊലീസിനോട് തുറന്ന് പറയുന്നത്.
മോഷണം നടന്ന വീട്ടില്‍ നിന്നും ജോബിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ജോബി പിടിക്കപ്പെട്ടാല്‍ താനും പിടിയിലാകും എന്ന ഭയത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന ദിവസം രാത്രിയില്‍ ബാറില്‍ പോയി ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് നാട് വിടാനായിരുന്നു തീരുമാനം. ഇക്കാര്യം പറഞ്ഞാണ് പുല്ലേപ്പടിയിലെ
റെയില്‍വേ ട്രാക്കിന് സമീപത്തേക്ക് ജോബിയെ ഡാനിയല്‍ കൊണ്ടുവരുന്നത്. ഇവിടെവെച്ച് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നാണ് കണ്ടെത്തല്‍.
തെളിവ് നശിപ്പിക്കല്‍ മാത്രമല്ല, മോഷണ മുതല്‍ വീതം വെക്കുന്നതിനെ ചൊല്ലിയും ഡിനോയും ജോബിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് സഹായിച്ച് ഒരു ട്രാന്‍സ്ജെഡര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തും. ഇന്നലെ ഉച്ചയോടെയാണ് പുല്ലേപ്പടി റെയില്‍വേ ട്രാക്കിന് സമീപത്ത് മനാശേരി ജോബിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.