താനൂരില്‍ ഇത്തവണ മത്സരം കടുക്കും
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ ആവശ്യം.
മലപ്പുറത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ഒരേയൊരു സീറ്റ് തിരിച്ച് പിടിക്കാനൊരുങ്ങി മുസ്ലിം ലീഗ്. തുച്ഛമായ വോട്ടുകൾക്ക് നഷ്ടമായ താനൂരിൽ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് ലീഗ് തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ ആവശ്യം.
ലീഗിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന താനൂരിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ലീഗിന് വൻ തിരിച്ചടി നേരിടേണ്ടി വന്നത്. മണ്ഡല രൂപീകരണം തൊട്ട് ലീഗിന്റെ നേതാക്കളാണ് താനൂരിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. എന്നാൽ കഴിഞ്ഞ തവണ സിറ്റിംഗ് എംഎല്‍എയായിരുന്ന ലീഗിന്റെ അബ്ദുറഹിമാന് രണ്ടത്താണിയെ പരാജയപ്പെടുത്തി താനൂരിൽ വിജയിച്ചത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. അബ്ദുറഹ്മാനായിരുന്നു. താനൂരില്‍ മൂന്നാമങ്കത്തിന് ഇറങ്ങിയ അബ്ദുറഹ്മാന് രണ്ടത്താണിയെ 4918 വോട്ടിനാണ് വി അബ്ദുറഹ്മാന് പരാജയപ്പെടുത്തിയത്.
ഇടത് മുന്നണിയുടെ വോട്ടുകളേക്കാള്‍ വി അബ്ദുറഹ്മാന് സ്വന്തം നിലയ്ക്ക് നേടിയ വോട്ടുകളാണ് ഏറെ നിര്‍ണായകമായത്. കൂടാതെ പൊൻമുണ്ടം കോൺഗ്രസിന്റെ വോട്ടുകളും അബ്ദുറഹിമാന് അനുകൂലമായി. സ്വാഭാവികമായും ഇത്തവണ താനൂരില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് ലീഗ് തീരുമാനം. മണ്ഡലം തിരിച്ച് പിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ ആവശ്യം. തുടക്കം മുതൽ ഉയർന്ന് കേൾക്കുന്ന പേരും പി.കെ ഫിറോസിന്റേതാണ്. അബ്ദുറഹ്മാൻ രണ്ടത്താണി മറ്റൊരു അങ്കത്തിന് വീണ്ടും താനൂർ തെരഞ്ഞെടുക്കുമോ എന്നതും കാത്തിരുന്ന് കാണണം.