LiveTV

Live

Kerala

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി; പതിമൂന്നിനും പതിനാലിനും മേഖലാ പ്രചാരണ ജാഥകള്‍

മത്സരിച്ച ചില സീറ്റുകൾ വിട്ട് നൽകാമെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ടെങ്കിലും പകരം സീറ്റുകൾ വേണമെന്നാവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി; പതിമൂന്നിനും പതിനാലിനും
മേഖലാ പ്രചാരണ ജാഥകള്‍

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എൽഡിഎഫും ആരംഭിച്ചു. മുന്നണി യോഗം കഴിഞ്ഞ ശേഷം സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് എം നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തി. എൽ.ഡി.എഫ് പര്യടനത്തിനിടയിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാനും മുന്നണി തീരുമാനിച്ചു.

ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം കഴിഞ്ഞ ശേഷം സിപിഎം-സിപിഐ, കേരള കോൺഗ്രസ് (എം) നേതാക്കൾ തമ്മിൽ സീറ്റ് വിഭജനത്തിന്‍റെ പ്രാഥമിക ചർച്ചകൾ നടത്തി. മത്സരിച്ച ചില സീറ്റുകൾ വിട്ട് നൽകാമെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ടെങ്കിലും പകരം സീറ്റുകൾ വേണമെന്നാവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകടന പത്രിക തയ്യാറാക്കാൻ എല്ലാ ഘടക കക്ഷികളേയും ഉൾപ്പെടുത്തി ഉപസമിതിയേയും നിയോഗിച്ചു. ഏപ്രിൽ ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കണമെന്ന് കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. ജാഥയ്ക്കിടയിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ മുന്നണി തീരുമാനിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖല ജാഥ 13ന് ആരംഭിച്ച് 26ന് തൃശൂരിൽ സമാപിക്കും. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല യാത്ര 14ന് കൊച്ചിയിൽ ആരംഭിച്ച് 26ന് തിരുവനന്തപുരത്ത് അവസാനിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ബിനോയ് വിശ്വം യാത്ര നയിക്കുന്നത്. ജാഥയുടെ പേരും, ജാഥാംഗങ്ങളേയും പിന്നീട് തീരുമാനിക്കും.