LiveTV

Live

Kerala

അധികമായി 5 സീറ്റു വേണമെന്ന് മുസ്‍ലിം ലീഗ്, കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും വേണമെന്ന് പി.ജെ ജോസഫ്

യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകള്‍ക്ക് തുടക്കമായി

അധികമായി 5 സീറ്റു വേണമെന്ന് മുസ്‍ലിം ലീഗ്, കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും വേണമെന്ന് പി.ജെ ജോസഫ്

യുഡിഎഫ് സീറ്റ് വിഭജന ചർച്ചകള്‍ക്ക് തുടക്കമായി. മലപ്പുറത്ത് നടന്ന കോണ്‍ഗ്രസ്- ലീഗ് ചർച്ചയില്‍ അധികമായി 5 സീറ്റു വേണമെന്ന ആവശ്യം മുസ്‍ലിം ലീഗ് മുന്നോട്ടുവെച്ചു. മൂന്ന് സീറ്റ് നല്‍കാന്‍‌ ധാരണയായതായാണ് സൂചന. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റും വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

രാവിലെ 9 മണിയോടെയാണ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. പാർട്ടികള്‍ മുന്നണി വിട്ടതിനെ തുടർന്ന ഒഴിവു വന്നതില്‍ അഞ്ചു സീറ്റുകളെങ്കിലും പാർട്ടിക്ക് വേണമെന്ന് കൂടിക്കാഴ്ചയിൽ ലീഗ് ആവശ്യപ്പെട്ടു. കൂത്തുപറമ്പ്, തളിപ്പറമ്പ്, ബേപ്പൂർ, പേരാമ്പ്ര, ചേലക്കര എന്നിവയാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇതില്‍ കൂത്തുപറമ്പ്, ബേപ്പൂർ, ചേലക്കര സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ ലീഗ് പങ്കുവെക്കുന്നു. തവനൂരില്‍ പൊതു സ്വതന്ത്രനെ ഇറക്കണമെന്ന ആവശ്യവും ലീഗ് ഉന്നയിച്ചിട്ടുണ്ട്.

വയനാട് മണ്ഡല സന്ദർശനത്തിനായെത്തിയ രാഹുൽ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തി. കരിപ്പൂരില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അടുത്ത ദിവസങ്ങളില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ സീറ്റു വിഭജന ചർച്ച നടത്തും. മത്സരിച്ച സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

സമസ്ത നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് സമസ്ത ഓഫീസിലെത്തിയാണ് കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസന്‍ എന്നിവരടങ്ങുന്ന നേതാക്കളുടെ സംഘമാണ് എത്തിയത്. സമസ്ത മുശാവറ അംഗം ഉമർ ഫൈസി, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാകും സീറ്റ് വിഭജനം സംബന്ധിച്ച അന്തിമധാരണിലേക്ക് യുഡിഎഫ് കടക്കുക.