LiveTV

Live

Kerala

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിപ്പ്

കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി.

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിപ്പ്

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 15 ശതമാനം വര്‍ധിച്ചെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കും.

ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 42430 കേസുകള്‍. അതായത് തൊട്ട് മുമ്പത്തെ ആഴ്ചയേക്കാള്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് 5730. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കൂടി. കണ്ണൂരില്‍ മാത്രം തൊട്ട് മുമ്പുള്ള ആഴ്ചയെക്കാള്‍ 40 ശതമാനം കേസ് കൂടി. തിരുവനന്തപുരത്ത് 33 ശതമാനവും വയനാട് 34 ശതമാനവും രോഗികള്‍ വര്‍ധിച്ചു. കൊല്ലത്തും കോട്ടയത്തും രോഗവ്യാപനം രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കൂടി.

വയനാടും കോട്ടയത്തും 14 ശതമാനത്തിന് മുകളിലാണ് ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് 145 പേര്‍ മരണത്തിന് കീഴടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ പല ജില്ലകളിലും സിഎഫ്എല്‍ടിസികള്‍ നിറഞ്ഞു. രോഗവ്യാപനം കുറഞ്ഞ സമയത്ത് സിഎഫ്എല്‍ടിസികളുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ കേസുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി പുതിയ സിഎഫ്എല്‍ടിസികള്‍ തുറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.