ലീഗ് വനിതകൾക്ക് സീറ്റ് നൽകുന്നുണ്ടെങ്കിൽ വനിതാ ലീഗിന് തന്നെ വേണം: സുഹറ മമ്പാട്
സ്ത്രീപക്ഷത്തു നിന്ന് കാര്യങ്ങൾ പറയാൻ നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്നും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുഹ്റ മമ്പാട്
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വനിതകൾക്ക് സീറ്റ് നൽകുന്നുണ്ടെങ്കിൽ അത് വനിതാ ലീഗിന് തന്നെ വേണമെന്ന് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്. സീനിയോറിറ്റി നിശ്ചയിച്ച് സീറ്റ് നൽകണം. സ്ത്രീപക്ഷത്തു നിന്ന് കാര്യങ്ങൾ പറയാൻ നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്നും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുഹ്റ മമ്പാട് മീഡിയവണിനോട് പറഞ്ഞു.
ഇത്തവണ സീറ്റ് വേണമെന്ന് ദേശീയ സംസ്ഥാന യോഗങ്ങളിൽ വളരെ നേരത്തെ തന്നെ വനിതാ ലീഗ് ഭാരവാഹികൾ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് വനിതാ ലീഗ് ഭാരവാഹികളുടെ പ്രതീക്ഷ. എന്നാൽ വനിതകൾക്ക് സീറ്റ് നൽകുന്നുണ്ടെങ്കിൽ അത് വനിതാ ലീഗിന് തന്നെ വേണമെന്നാണ് ഭാരവാഹികൾ ശക്തമായി ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ സീനിയോറിറ്റി നിശ്ചയിക്കണം. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ സജീവമായ വനിതകൾക്ക് സീറ്റ് വേണമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ശക്തമായിരിക്കെയാണ് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയുടെ പ്രതികരണം.
വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച വരുമ്പോൾ സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കാൻ നിയമസഭയിൽ പ്രാതിനിധ്യം വേണം. ഇതാണ് ഇത്തവണ സീറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ കാരണമെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾ മത്സരിക്കുന്ന കാര്യം, ലീഗ് നേതൃത്വത്തിനിടയിലും സജീവ പരിഗണനയിലാണ്.