എം വി ജയരാജന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
അടുത്ത രണ്ട് ദിവസത്തെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്ന് മെഡിക്കൽ ബോർഡ്

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോവിഡ് ന്യൂമോണിയ ആയതിനാൽ കടുത്ത ജാഗ്രത തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ധരായ ഡോ. സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടർന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗത്തിലും അവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്ഷൻ കൺട്രോൾ സ്പെഷ്യലിസ്റ്റ് ഡോ. റാം സുബ്രഹ്മണ്യവുമായി ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തി. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ക്രിറ്റിക്കൽ കെയർ വിദഗ്ധരായ ഡോ സന്തോഷ്, ഡോ അനിൽ സത്യദാസ് എന്നിവരാണ് ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച ചെയ്തത്. നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പെടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവർ ആശുപത്രി അധികൃതരെ വിളിച്ച് ജയരാജന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയ മെഡിക്കൽ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്നും മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു.