നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ആര്.എം.പി മത്സരിക്കും
ഇടതു മുന്നണിക്കെതിരെയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കണമോ എന്നത് യു.ഡി.എഫാണ് തീരുമാനിക്കേണ്ടതെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ആര്.എം.പി മത്സരിക്കും. വടകരയിൽ യു.ഡി.എഫ് പിന്തുണച്ചില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം . ഇടതു മുന്നണിക്കെതിരെയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കണമോ എന്നത് യു.ഡി.എഫാണ് തീരുമാനിക്കേണ്ടതെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.
വടകരയിലെ വിജയമാണ് ആർ.എം.പി ലക്ഷ്യമിടുന്നത്. വടകരയ്ക്ക് പുറമെ കോഴിക്കോട് ജില്ലയില്‍ നാലിടത്ത് മത്സരിക്കാനാണ് ആലോചന. കുറ്റ്യാടി , നാദാപുരം ,കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം എന്നീ മണ്ഡലങ്ങളിലാകും ആർ.എം.പി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുക. തൃശ്ശൂരില്‍ രണ്ടിടത്തും പാലക്കാട് ഒരു മണ്ഡലത്തിലും മത്സരിച്ചേക്കും. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങലിലും മത്സരിച്ചേക്കും. വടകരയില്‍ യു.ഡി.എഫ് പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.
വടകരയില്‍ കെ.കെ രമയുടെ പേരാണ് ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ എന്‍.വേണു മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കെ. കെ രമ മത്സരിക്കുകയാണെങ്കില്‍ മാത്രമേ യു.ഡി.എഫ് പിന്തുണയ്ക്കുകയുള്ളൂ. പിന്തുണച്ചില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ആര്.എം.പിയുടെ തീരുമാനം. ചിലയിടങ്ങില്‍ സ്വതന്ത്രരെ നിര്‍ത്താനും ആലോചിക്കുന്നുണ്ട്. 20504 വോട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമയ്ക്ക് ലഭിച്ചത്. ഇടതുമുന്നണിയുടെ ഭൂരിപക്ഷം 9511 വോട്ട് ആര്.എം.പിയെ പിന്തുണച്ച് മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞതിന് ശേഷം മാത്രം പിന്തുണയെക്കുറിച്ച് തീരുമാനിച്ചാല്‍ മതിയെന്നാണ് മറുഭാഗം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം.