സോളാര്‍ പീഡന പരാതിയില്‍ സി.ബി.ഐ തീരുമാനം ഉറ്റുനോക്കി മുന്നണികള്‍; കേസ് പ്രചരണ വിഷയമാക്കാന്‍ എല്‍.ഡി.എഫ്
സോളാര്‍ കേസിനെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് മുന്നണി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ തുറന്ന് കാണിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്

സോളാര്‍ പീഡനപരാതി സി.ബി.ഐക്ക് വിട്ടതോടെ കേന്ദ്ര ഏജന്‍സിയുടെ തുടര്‍ നീക്കത്തില്‍ ആകാംക്ഷയോടെ ഉറ്റ് നോക്കി മുന്നണികള്‍. കേസ് രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് ഇടത് മുന്നണി തീരുമാനം. സോളാര്‍ കേസിനെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് മുന്നണി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ തുറന്ന് കാണിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
2006 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ലാവ്ലിന് കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടത്.രണ്ട് കോടതികള്‍ കുറ്റവിമുക്തമനാക്കിയെങ്കിലും ലാവ്ലിന്റെ പേരിലുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ പിണറായി ഇപ്പോഴും നേരിടുന്നുണ്ട്. 15 വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി വിജയന് അതേ നാണയത്തില്‍ തിരിച്ചടിക്കുമ്പോള്‍ യു.ഡി.എഫും വെട്ടിലായിട്ടുണ്ട്. സോളാര്‍ പീഡനകേസ് സി.ബി.ഐ ഏറ്റെടുക്കുകയും പരാതിക്കാരി ആരോപണ വിധേയര്‍ക്കെതിരെ മൊഴിയും തെളിവുകളും ഹാജരാക്കുകയും ചെയ്താല്‍ പ്രതിപ്പട്ടികയിലെ എല്ലാവരും കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
നിലവിലെ രാജ്യത്തെ നിയമപ്രകാരം പീഡന പരാതിയില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അന്വേഷണ ഏജന്‍സികളും പ്രതിക്കൂട്ടിലാവുമെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നു. ഇനി സി.ബി.ഐ കേസ് ഏറ്റെടുത്തില്ലെങ്കില്‍ യു.ഡി.എഫ്-ബി.ജെ.പി ബന്ധം ആരോപിച്ച് ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പുണ്ടായ സോളാര്‍ കേസില്‍ ഇടത് സര്‍ക്കാര്‍ ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാത്തും, എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പ്രചരണം ആക്കുന്നതിലും ഊന്നിയാണ് യു.ഡി.എഫ് പ്രതിരോധം തീര്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയനേട്ടത്തിന് മാത്രമായി കേസിലെ പരാതിക്കാരിയെ ഇടത് മുന്നണി ഉപയോഗിക്കുന്നുവെന്ന വിഷയമുയര്‍ത്തിയാണ് യു.ഡി.എഫ് നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ ആലോചിക്കുന്നത്. അബ്ദുള്ളക്കുട്ടി കൂടി പ്രതിസ്ഥാ നത്ത് വന്നതോടെ ബി.ജെ.പിയും പരുങ്ങലിലായി. കേസ് ഏറ്റെടുത്തില്ലെങ്കില്‍ അബ്ദുള്ളക്കുട്ടിയെ രക്ഷിക്കാന്‍ നീക്കം നടത്തി എന്നതിനൊപ്പം യു.ഡി.എഫുമായി ഒത്തുതീര്‍പ്പുണ്ടാക്കി എന്ന ആരോപണം കൂടി നേരിടേണ്ടി വരും. എന്തായാലും രാഷ്ട്രീയകേരളത്തെ ചൂട് പിടിപ്പിച്ചാണ് സോളാര്‍ പീഡന പരാതി സി.ബി.ഐയ്ക്ക് വിട്ടത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സി.ബി.ഐ എന്ത് തുടര്‍ നടപടി സ്വീകരിക്കമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.