സോളാർ പീഡനക്കേസിൽ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം; ജോസ് കെ മാണി
സർക്കാരിന് മുന്നിൽ പല പരാതികളുമെത്തും, അതിൽ അന്വേഷണം നടക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു

സോളാർ പീഡനക്കേസിൽ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി. സർക്കാരിന് മുന്നിൽ പല പരാതികളുമെത്തും. അതിൽ അന്വേഷണം നടക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു.
ആറു കേസുകളാണ് സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസിക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുതിർന്ന നേതാക്കളായ കെ.സി വേണുഗോപാൽ, അടൂർപ്രകാശ്, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസിലെ ആരോപണവിധേയർ.
നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ഈ വർഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ സർക്കാർ ഈ കത്തിൽ എന്ത് നടപടി സ്വീകരിക്കും എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു.
2017ലാണ് സോളാർ സംരംഭക കേസിനാസ്പദമായ പീഡന പരാതി നൽകിയത്. 2018 ഒക്ടോബറിൽ പ്രതികൾക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ തെളിവെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സി.ബി.ഐക്ക് വിട്ടത്.