''ടി പത്മനാഭന്റെ വിമർശനം വേദനയുണ്ടാക്കി, ആരോപണങ്ങൾ ഉന്നയിച്ച് വനിത കമ്മീഷനെ അപമാനിക്കരുത്''; എം.സി ജോസഫൈൻ
സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായതെന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു

കഥാകൃത്ത് ടി പത്മനാഭന്റെ വിമർശനം വേദനയുണ്ടാക്കിയെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ആരോപണങ്ങൾ ഉന്നയിച്ച് വനിതാ കമ്മീഷനെ അപമാനിക്കരുത്. സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായതെന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.
എം.സി ജോസഫൈനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കഥാകൃത്ത് ടി.പത്മനാഭന്റെ വിമർശനം.
87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനാണെന്നായിരുന്നു ടി.പത്മനാഭന്റെ ചോദ്യം. ഗൃഹസന്ദർശനത്തിനായി പി ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ എത്തിയപ്പോഴായിരുന്നു പത്മനാഭൻ പ്രതിഷേധം അറിയിച്ചത്. വിമർശിച്ചതിന് തനിക്കെതിരെ കേസെടുക്കാൻ ജോസഫൈൻ മടിക്കില്ലെന്നും പത്മനാഭൻ പറഞ്ഞു.
കിടപ്പുരോഗിയായ പരാതിക്കാരിയോട് നേരിട്ട് ഹാജരാകാനാണ് ജോസഫൈൻ നിർദ്ദേശിച്ചത്. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ ശകാരിക്കുകയും ചെയ്തു. അയൽക്കാരൻറെ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ ലക്ഷ്മിക്കുട്ടിയമ്മയോടായിരുന്നു അധ്യക്ഷയുടെ ക്രൂരമായ പെരുമാറ്റം.
സംഭവത്തിൽ വിശദീകരണവുമായി ജോസഫൈൻ രംഗത്തെത്തിയിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി വനിതാ കമ്മീഷൻ പരിശോധിച്ചിരുന്നു. കമ്മീഷന്റെയും പൊലീസിന്റെയും നിയമനടപടികൾ നടക്കുന്നുണ്ട്. പരാതിക്കാരൻ ഫോൺ വിളിച്ചപ്പോൾ ആശയ വിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചതെന്നുമായിരുന്നു വനിതാ കമ്മീഷൻ വിശദീകരണം.