LiveTV

Live

Kerala

നിഷ്പക്ഷതയുടെ കാലം കഴിഞ്ഞു; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'സത്യദീപം'

മോദി സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത കാണിക്കുന്ന ഏതൊരാളും കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ പോകാനുള്ള സാധ്യത തിരിച്ചറിയണം

നിഷ്പക്ഷതയുടെ കാലം കഴിഞ്ഞു; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'സത്യദീപം'

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ക്രൈസ്​തവ സമൂഹം ബി.ജെ.പിയോട്​ പുലർത്തുന്ന ആഭിമുഖ്യത്തെ രൂക്ഷമായി വിമർശിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് സത്യദീപത്തിന്‍റെ വിമര്‍ശനം.

സാമൂഹിക പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എൻ.ഐ.എ അറസ്റ്റ്​ ചെയ്​ത്​ തുറങ്കിലടച്ച പശ്​ചാത്തലം വിശദീകരിച്ചാണ്​ ലേഖനം. 'ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്റ്റ്യന്‍ മിഷന്‍ നല്‍കുന്ന സൂചനകൾ' എന്ന തലക്കെട്ടിൽ ബി.ജെ.പിയുടെയും മോദി ഗവൺമെന്‍റിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയെകുറിച്ച്​ ഫാ. എം.കെ. ജോര്‍ജ്ജ് (ജെസ്യൂട്ട് ജനറല്‍ ക്യൂരിയ, റോം) ആണ്​ ലേഖനമെഴുതിയിരിക്കുന്നത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഇന്ത്യന്‍ ഭരണഘടനയുടെ സ്വതന്ത്ര മൂല്യങ്ങളെയും പ്രമാണങ്ങളെയും കാറ്റില്‍ പറത്തുകയാണ്. ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിക്കൊണ്ട് ഭൂരിപക്ഷ മതവിഭാഗത്തിന് സവിശേഷമായ അധികാരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് മോദിയുടെ വിജയമെന്നും ലേഖകൻ പറയുന്നു.

മോദി സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത കാണിക്കുന്ന ഏതൊരാളും കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ പോകാനുള്ള സാധ്യത തിരിച്ചറിയണം. ഭരണകക്ഷിയെ അനുകൂലിക്കുന്ന വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് സ്റ്റാന്‍ സ്വാമിയെ കുറ്റപ്പെടുത്താന്‍ കാരണങ്ങളുണ്ടാകും.

നമ്മുടെ തന്നെ വിശ്വസ്തരായ ദീര്‍ഘകാല സഹകാരികള്‍പോലും നമ്മെ ഒറ്റുകൊടുക്കാനിടയുണ്ട്. നമ്മുടെ ജീവകാരുണ്യപ്രവര്‍ത്തന വേദികള്‍, പ്രത്യേകിച്ച്, സ്ഥാപനങ്ങള്‍ ഓരോന്നായി സാവധാനത്തിലും പടിപടിയായും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. നിക്ഷിപ്ത താത്പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശുശ്രൂഷകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുന്ന വിധം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണെന്നും ലേഖനത്തിൽ ചോദിക്കുന്നു.

''ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയത് നമ്മുടെ സ്ഥാപനങ്ങളാണ്. ഹൃദ്യമായ സുഹൃത്ബന്ധമാണ് അവര്‍ നമ്മോട് വച്ചു പുലര്‍ത്തുന്നതെങ്കിലും നമ്മുടെ ഉദ്യമങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതിലും നയപരിപാടികള്‍ നടപ്പാക്കുന്നതിലും അവര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല''. ലേഖനത്തില്‍ പറയുന്നു.