തിരുവനന്തപുരത്ത് സഹ വികാരി പള്ളിമേടയിൽ മരിച്ച നിലയിൽ
പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദർ ജോൺസൺ മുത്തപ്പനാണ് മരിച്ചത്
തിരുവനന്തപുരത്ത് സഹ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദർ ജോൺസൺ മുത്തപ്പനാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
രാവിലെയാണ് സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ പള്ളിമേടയിൽ ഫാദർ ജോൺസൺ മുത്തപ്പനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദർ ജോൺസൺ നഗരത്തിലെ വാൻറോസ് ജംഗ്ഷന് സമീപം രാവിലെ പ്രാർത്ഥന കർമ്മങ്ങൾക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സമയമായിട്ടും എത്താത്തതിനെ തുടർന്ന് പള്ളിമേടയിൽ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പൊഴിയൂർ പുല്ലുകാട് സ്വദേശിയായ ജോൺസണ് ഒരു വർഷം മുൻപാണ് വികാരി പട്ടം ലഭിച്ചത്.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടത്തിലെ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.