LiveTV

Live

Kerala

എന്‍.സി.പി തര്‍ക്കം; സമവായ നീക്കവുമായി ശരത് പവാര്‍

മുംബൈയിലെത്തി തന്നെ വീണ്ടും കണ്ട മാണി സി. കാപ്പനോട് ജയിച്ച സീറ്റുകള്‍ വിട്ടു കൊടുത്ത് കൊണ്ടുള്ള സമവായമില്ലെന്ന് ശരത് പവാര്‍ ആവര്‍ത്തിച്ചു

എന്‍.സി.പി തര്‍ക്കം; സമവായ നീക്കവുമായി ശരത് പവാര്‍

എന്‍.സി.പി സംസ്ഥാന ഘടകത്തിലെ തർക്കത്തില്‍ സമവായ നീക്കവുമായി ദേശീയ അധ്യക്ഷന്‍ ശരത് പവാർ. ഔദ്യോഗിക പക്ഷത്തിനൊപ്പം എകെ ശശീന്ദ്രനെയും ശരത് പവാര്‍ ദില്ലിക്ക് വിളിപ്പിച്ചു. ഇടത് നേതാക്കളുമായും ശരത് പവാര്‍ ചര്‍ച്ച നടത്തും.

മുംബൈയിലെത്തി തന്നെ വീണ്ടും കണ്ട മാണി സി. കാപ്പനോട് ജയിച്ച സീറ്റുകള്‍ വിട്ടു കൊടുത്ത് കൊണ്ടുള്ള സമവായമില്ലെന്ന് ശരത് പവാര്‍ ആവര്‍ത്തിച്ചു. പക്ഷേ കേരളത്തിലെ പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കണം. അതിനായി താന്‍ നേരിട്ട് ഇടപെടുമെന്ന് ശരത് പവാര്‍ അറിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍,ടി.പി പിതാംബരന്‍, മാണി സി.കാപ്പന്‍, ജോസ് മോന്‍ എന്നിവരോട് ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെത്താന്‍ ശരത് പവാര്‍ നിര്‍ദേശിച്ചു. അന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിന്‍റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലും പങ്കെടുക്കും.

ഇതിനിടയില്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ നേതാക്കളെയും ശരത് പവാര്‍ കാണും. സീതാറാം യെച്ചൂരി, ഡി രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. സിറ്റിങ് സീറ്റുകള്‍ നല്‍കണമെന്ന നിര്‍ദേശം ഇവര്‍ക്ക് മുന്നില്‍ ശരത് പവാര്‍ വെക്കും. ലഭിക്കുന്നില്ലെങ്കില്‍ മുന്നണിക്ക് പുറത്ത് പോകേണ്ടി വരുമെന്ന കാര്യം കൂടി അറിയിച്ചേക്കും. എ.കെ ശശീന്ദ്രന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി സംസ്ഥാന ഘടകം ശരത് പവാറിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിളര്‍പ്പ് ഒഴിവാക്കി ശശീന്ദ്രന്‍ വിഭാഗത്തെ കൂടി ഉള്‍കൊണ്ടുള്ള നീക്കത്തിനായിരിക്കും ശരത് പവാര്‍ മുന്‍ഗണന നല്‍കുക. മുന്നണി വിടേണ്ടി വന്നാലും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഗ്രഹമാണ് ദേശീയ നേതൃത്വത്തിനുള്ളത്.