ട്വന്റി 20 സ്ഥാനാര്‍ഥിയാകുമോ? നടന് ശ്രീനിവാസന്റെ പ്രതികരണം..
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്
നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവത്ത് ട്വന്റി 20 സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന് ശ്രീനിവാസന്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന് വ്യക്തമാക്കി.
കിഴക്കമ്പലം സ്ഥാനാര്‍ഥിയായി പിറവത്ത് നിന്ന് നടന് ശ്രീനിവാസന് മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമില്ല. ട്വന്റി 20 നടത്തുന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20യുടെ മുന്നേറ്റത്തെ കുറിച്ച് വിവിധയിടങ്ങളില്‍ പരാമര്‍ശിച്ചതാകും ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് പിറകിലെന്നാണ് ശ്രീനിവാസന് പറയുന്നത്.
ഇടത് വലത് മുന്നണികൾ ഭരണചക്രം തിരിക്കുന്ന കേരളത്തിൽ അഴിമതിക്ക് ഇരുകൂട്ടരും ഒന്നാണെന്നും ഇത്തരം കാര്യങ്ങൾ പറയുന്നതിനാൽ തന്നെ രാഷ്ടീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഒരു രാഷ്ട്രീയ നേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്നും ശ്രീനിവാസന് വ്യക്തമാക്കി.