LiveTV

Live

Kerala

ചിന്നംവിളി കേട്ട് എല്ലാവരും ഓടി, ഷഹാന തട്ടിവീണു

റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് പഞ്ചായത്ത്‌

ചിന്നംവിളി കേട്ട് എല്ലാവരും ഓടി, ഷഹാന തട്ടിവീണു

മേപ്പാടി: വിനോദ സഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. റിസോര്‍ട്ടില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്നാണ് സൂചന. മരിച്ച കണ്ണൂര്‍ സ്വദേശിനി ഷഹാന(26)യുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വിഷയത്തില്‍ കലക്ടര്‍ അദീല അബ്ദുല്ല തഹസില്‍ദാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ടെന്റ് ടൂറിസത്തില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കലക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ടിന് അനുമതിയില്ല എന്നാണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. സംഭവസ്ഥലം കലക്ടര്‍ സന്ദര്‍ശിച്ചു.

രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ ദിനേന മുപ്പതും നാല്‍പ്പതും ആളുകള്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. പുഴയരോത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്.

നാലു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണിത്. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യ തോട്ടത്തിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയ പ്രദേശങ്ങളാണ് എളമ്പലേരിയും തൊട്ടടുത്തുള്ള തൊള്ളായിരംകണ്ടിയും. ഇവിടെയെല്ലാം ടെന്റടിച്ച് താമസിക്കുക എന്നതാണ് രീതി. ടെന്റടിച്ച് താമസിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല എന്നാണ് റിപ്പോര്‍ട്ട്.

മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോര്‍ട്ട്.

30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവരുന്ന നേരത്തായിരുന്നു ആനയുടെ ആക്രമണം. ചിന്നം വിളി കേട്ട്‌ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ സി.കെ. അബ്ദുല്‍ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സര്‍വകലാശാലയില്‍ സൈക്കോളജില്‍ ഗവേഷണം നടത്തുന്നുണ്ട്. സഹോദരങ്ങള്‍: ബിലാല്‍, ലുഖ്മാന്‍, ഡോ. ദില്‍ഷാത്ത്. ഭര്‍ത്താവ്: ലിഷാം.