മാതാവ് ഗുരുതരാവസ്ഥയില്‍; വീഡിയോ കോണ്‍ഫറന്‍സ് അപ്രായോഗികമെന്ന് സിദ്ധീഖ് കാപ്പന്റെ കുടുംബം
വീഡിയോ കോണ്‍ഫറന്‍സ് മുഖേന കാണാനോ, മകനെ തിരിച്ഛറിയാനോ കഴിയുന്ന അവസ്ഥയിലല്ല ഉമ്മയെന്ന് സിദ്ധീക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത്

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധീക്ക് കാപ്പന്റെ മാതാവ് മലപ്പുറം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. തന്റെ ഇളയ മകന് സിദ്ധീക്ക് കാപ്പനെ കാണണമെന്ന് മാത്രമാണ് അത്യാസന്ന നിലയിലുള്ള മാതാവ് ബന്ധുക്കളോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സിദ്ധീക്ക് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ മാതാവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കാണാനോ, മകനെ തിരിച്ഛറിയാനോ കഴിയുന്ന അവസ്ഥയിലല്ല ഉമ്മയെന്ന് സിദ്ധീക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.
90 വയസ്സ് പിന്നിട്ട സിദ്ധീക്ക് കാപ്പന്റെ മാതാവ് കദീജക്കുട്ടി ഏറെ നാളായി ചികിത്സയിലാണ്, രണ്ട് ദിവസം മുമ്പ് ആരോഗ്യനില തീര്‍ത്തും മോശമായി. തുടര്‍ന്നാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലര മാസം മുമ്പാണ് ഏറ്റവുമൊടുവില്‍ ഇവർ മകന് സിദ്ധീക്കിനെ കാണുന്നത്. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നതിനിടെ ബോധം തെളിയുമ്പോഴെല്ലാം തന്റെ ഏഴ് മക്കളില്‍ ഇളയമകന് സിദ്ധീക്കിനെ കാണണമെന്ന് മാത്രമാണ് ഉമ്മ ആവശ്യപ്പെടുന്നത്.
അതേസമയം, സിദ്ധീക്ക് കാപ്പന്റെ മോചനത്തിനായി വേണ്ട നിയമസഹായം നല്‍കുമെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. ഇതിനായി പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.