കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് പഞ്ചായത്ത്
വന്യജീവികളുടെ സാന്നിധ്യമുള്ള സ്ഥലമായിട്ടും റിസോർട്ടുകാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു
വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ട റിസോർട്ട് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ. റിസോർട്ടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. സുരക്ഷാ വീഴ്ചയുണ്ടായതായി ജില്ലാ കലക്ടർ അദീല അബ്ദുള്ളയും വ്യക്തമാക്കി. വന്യജീവികളുടെ സാന്നിധ്യമുള്ള സ്ഥലമായിട്ടും റിസോർട്ടുകാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു. അതേസമയം ഷഹാനയുടെ പോസ്റ്റ് മോർട്ടം നടപടികൾ അൽപ്പസമയത്തിനകം കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിക്കും.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എളമ്പലേരിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസിൽ ഷഹാനയാണ് മരിച്ചത്. റിസോർട്ടിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സൂചന. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആന്റ് സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയാണ്.