മതിയായ ഫണ്ട് ലഭിക്കുന്നില്ല; വഖഫ് ബോർഡ് ചികിത്സ പദ്ധതി അവതാളത്തിൽ
രണ്ട് വർഷമായി അപേക്ഷകർക്ക് ചികിത്സ സഹായം ലഭിക്കുന്നില്ല

വഖഫ് ബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ചികിത്സ പദ്ധതി അവതാളത്തിൽ. വഖഫ് ബോർഡ് സോഷ്യൽ വെൽഫയർ സ്കീമിന് ആവശ്യമായ പണം ലഭിക്കാത്തതാണ് പദ്ധതിയെ ബാധിച്ചത്. രണ്ട് വർഷമായി അപേക്ഷകർക്ക് ചികിത്സ സഹായം ലഭിക്കുന്നില്ല.
മുസ്ലിം സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ചികിത്സ സഹായ പദ്ധതിയാണ് മുടങ്ങി കിടക്കുന്നത്. വാർഷിക വരുമാനം അൻപതിനായിരത്തിൽ താഴെ വരുന്ന കുടുംബങ്ങളിൽ പെട്ടവർക്കാണ് സഹായം ലഭിക്കേണ്ടത്. കാൻസർ , ഹൃദ്രോഗം, കിഡ്നി മാറ്റി വെക്കൽ തുടങ്ങി ഏതാനും ചികിത്സക്ക് മാത്രമാണ് സഹായം നൽകിയിരുന്നത്. 2018 ജനുവരിക്ക് ശേഷം ഒരാൾക്ക് പോലും വഖഫ് ബോർഡ് മുഖാന്തരം ചികിത്സ സഹായം ലഭിച്ചിട്ടില്ല.
15000 രൂപയാണ് ചികിത്സ സഹായം ലഭിക്കുക. 1750 പേർ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് നൽകാത്തതാണ് ചികിത്സ പദ്ധതി മുടങ്ങാൻ കാരണം. അടിയന്തരമായി ഫണ്ട് നൽകണമെന്ന് ഈ ബജറ്റിന് മുൻമ്പ് വഖഫ് ബോർഡ് സർക്കാരിന് കത്ത് നൽകിയെങ്കിലും ഒരു രൂപ പോലും ഗ്രാന്റില്‍ വർധനവ് വരുത്തിയില്ല.